
സോൾ: ദക്ഷിണ കൊറിയക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് കിംചി. നമ്മുടെ നാട്ടിൽ അച്ചാറുകളെ പോലെ ദക്ഷിണ കൊറിയൻ ഭക്ഷണ ശീലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന കിംചി മറ്റ് വിഭവങ്ങൾക്കൊപ്പമോ അല്ലാതെയുമൊക്കെ ഉപയോഗിക്കുന്നു. എന്നാൽ, രാജ്യത്തെ വിമാന യാത്രക്കാരിൽ നിന്ന് 'അനധികൃതമായി കടത്താൻ" ശ്രമിച്ച കിംചി പിടിച്ചെടുക്കുന്ന സംഭവം ഗണ്യമായി കൂടുന്നെന്നാണ് റിപ്പോർട്ട്.
യാത്രക്കാർക്ക് കൈയ്യിൽ കരുതാവുന്ന ലഗേജിൽ ദ്രവ രൂപത്തിലുള്ളതൊന്നും പാടില്ല. കിംചിയും ഇക്കൂട്ടത്തിൽപ്പെടും. ഇത് ശ്രദ്ധിക്കാതെയാണ് കിംചിയേയും ബാഗിലാക്കി യാത്രയ്ക്ക് എത്തുന്നത്. കഴിഞ്ഞ വർഷം ഇഞ്ചിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാർ 10.7 ടൺ കിംചിയാണ് യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത്.
മുൻകൂട്ടി പായ്ക്ക് ചെയ്യപ്പെട്ട കിംചി എരിവുള്ള സോസിൽ മുക്കിയ നിലയിൽ ബോട്ടിലിലോ പ്ലാസ്റ്റിക് കവറിലോ ആണ് ലഭ്യമാകുന്നത്. അതിനാൽ കിംചിയും ദ്രാവകങ്ങളുടെ പട്ടികയിൽപ്പെടുന്നു. പല യാത്രക്കാരും ഇത് ശ്രദ്ധിക്കുന്നില്ല. കാരി-ഓൺ ബാഗിൽ 100 എം.എല്ലിൽ കൂടുതൽ ദ്രാവകമോ ജെല്ലോ പാടില്ലെന്നാണ് ഇഞ്ചിയോൺ എയർപോർട്ടിലെ നിയമം.
പിടിച്ചെടുത്ത കിംചി മുഴുവനും അധികൃതർ ഒരു സാമൂഹ്യ ക്ഷേമ കേന്ദ്രത്തിന് കൈമാറി. പുളിപ്പിച്ചെടുത്ത കാബേജ്, റാഡിഷ്, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ പച്ചക്കറികൾക്കൊപ്പം മസാലപ്പൊടികൾ ചേർത്തുണ്ടാക്കുന്ന കിംചിയ്ക്ക് ഉപ്പും എരിവും പുളിയും ചേർന്ന വ്യത്യസ്ത രുചിയാണ്. ദക്ഷിണ കൊറിയയിൽ മാത്രമല്ല, ഉത്തര കൊറിയയിലും കിംചി ജനപ്രിയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |