SignIn
Kerala Kaumudi Online
Thursday, 22 October 2026 2.04 PM IST

യുക്രെയിനുള്ള ഇന്റലിജൻസ് പിന്തുണയും നിറുത്തി യു.എസ്

pic

വാഷിംഗ്ടൺ: സൈനിക സഹായം നിറുത്തിയതിനുപിന്നാലെ യുക്രെയിനുള്ള ഇന്റലിജൻസ് പിന്തുണയും നിറുത്തി യു.എസ്. യുക്രെയിനുമായി രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവയ്ക്കുന്നത് നിറുത്തിയെന്ന് യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ് സ്ഥിരീകരിച്ചു.

റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യു.എസ് അടക്കം സഖ്യ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന ഇന്റലിജൻസ് വിവരങ്ങൾ യുക്രെയിന് അതീവ നിർണായകമാണ്. സമ്മർദ്ദം ശക്തമാക്കി റഷ്യയുമൊത്ത് സമാധാന ചർച്ചയ്ക്ക് യുക്രെയിനെ സജ്ജമാക്കുകയാണ് യു.എസ് ലക്ഷ്യം.

കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിൽ വച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ച വാക്കുതർക്കത്തിൽ അവസാനിച്ചതിന് പിന്നാലെയാണ് യു.എസ് നിലപാട് കടുപ്പിച്ചത്.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടായാൽ യുക്രെയിനുള്ള സൈനിക സഹായം പുനരാരംഭിച്ചേക്കുമെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ് പറഞ്ഞു. സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറും സെലെൻസ്കിയ്ക്കൊപ്പം യു.എസ് സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

 സെലെൻസ്കിയുടെ കത്ത്

എത്രയും വേഗം സമാധാന ചർച്ചകൾ തുടങ്ങാൻ യുക്രെയിൻ തയ്യാറാണെന്ന് ട്രംപ്. സെലെൻസ്കി ഇതു സംബന്ധിച്ച് ഒരു കത്ത് തനിക്കയച്ചെന്നും യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവന റഷ്യ സ്വാഗതം ചെയ്തു. യുദ്ധം അവസാനിപ്പിക്കാൻ ട്രംപിനൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെന്ന് സെലെൻസ്കിയും പ്രതികരിച്ചു.

 ഭാഗിക വെടിനിറുത്തൽ

റഷ്യ തയ്യാറായാൽ ഭാഗിക വെടിനിറുത്തലിന് തങ്ങൾക്ക് സമ്മതമെന്ന് സെലെൻസ്കി. യുദ്ധത്തടവുകാരുടെ മോചനവും കടലിലും ആകാശത്തും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതും ഉൾപ്പെടുന്നതാകണം ഭാഗിക വെടിനിറുത്തൽ എന്നും സെലെൻസ്കി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360