
ടെൽ അവീവ്: യുദ്ധാനന്തര ഗാസയുടെ പുനർനിർമ്മാണത്തിനായി അറബ് രാജ്യങ്ങൾ അംഗീകരിച്ച പദ്ധതിയെ തള്ളി യു.എസും ഇസ്രയേലും. പദ്ധതി ഗാസയിലെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതല്ലെന്ന് വൈറ്റ് ഹൗസും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
ഈജിപ്റ്റ് ആവിഷ്കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കയ്‌റോയിൽ നടന്ന ഉച്ചകോടിക്കിടെ അറബ് രാജ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. അഞ്ച് വർഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.
യുദ്ധാനന്തരം ഗാസയെ ഇസ്രയേൽ തങ്ങൾക്ക് നൽകുമെന്നും ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പാലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനർനിർമ്മാണമെന്ന ട്രംപിന്റെ പ്രസ്താവനയെ അറബ് രാജ്യങ്ങൾ എതിർത്തിരുന്നു. തുടർന്നാണ് ബദൽ മാർഗ്ഗവുമായി ഈജിപ്റ്റ് രംഗത്തെത്തിയത്.
അറബ് പദ്ധതിയെ പാലസ്‌തീനിയൻ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. അന്താരാഷ്ട്ര സമാധാന സേന ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയുടെ താത്കാലിക ഭരണം ഗാസയിൽ ഏർപ്പെടുത്തണമെന്നും അറബ് ഉച്ചകോടിയിൽ ആവശ്യം ഉയർന്നിരുന്നു.
അതേ സമയം, ഗാസയിൽ ജനുവരി 19ന് നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഗാസയിൽ നിന്ന് ഇസ്രയേലിന്റെ പൂർണ പിന്മാറ്റം ഉൾപ്പെടുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. എന്നാൽ ഒന്നാം ഘട്ടം നീട്ടണമെന്നും രണ്ടാം ഘട്ടത്തിനുള്ള ചർച്ചകൾ ഇതിനിടെയിൽ നടത്താമെന്നും ഇസ്രയേൽ പറയുന്നു. ഇതു സംബന്ധിച്ച ചർച്ചകളിൽ ഇതുവരെ ധാരണയായിട്ടില്ല. ഗാസയിലേക്കുള്ള എല്ലാ സഹായ വിതരണവും ഇസ്രയേൽ തടഞ്ഞിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |