
ഡമാസ്‌കസ്: സിറിയയിൽ ഇടക്കാല സർക്കാരിന്റെ സുരക്ഷാ സേനയും മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 71 മരണം. ഇതിൽ 35 പേർ സുരക്ഷാ സേനയിലെ അംഗങ്ങളാണ്. 32 പേർ അസദിന്റെ സൈന്യത്തിലെ മുൻ അംഗങ്ങളും. 4 സാധാരണക്കാരും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
ഏറ്റുമുട്ടലുണ്ടായ ഹോംസ്, ലതാകിയ, ടാർട്ടസ് തീരദേശ നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. മേഖലയിൽ ശക്തമായ വെടിവയ്പുണ്ടായി. കെട്ടിടങ്ങൾക്ക് തീയിട്ടു. വ്യാഴാഴ്ച വൈകിട്ട് ലതാകിയ പ്രവിശ്യയിലെ ജബ്‌ലെയിലാണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്.
അസദ് അനുകൂലികൾ ആയുധങ്ങളുമായി സുരക്ഷാ ചെക്ക്പോസ്റ്റുകളും മിലിട്ടറി സോണുകളും ആക്രമിക്കുകയായിരുന്നു. അസദിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു ഇവിടെ. അസദിന്റെ ഭരണം അട്ടിമറിക്കപ്പെട്ടതിന് ശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു ഇത്. സ്ഥിതിഗതികൾ നിയന്ത്റണവിധേയമാക്കാൻ സംഘർഷ ബാധിത മേഖലയിലേക്ക് കൂടുതൽ സേനയെ വിന്യസിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 8നാണ് ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ അസദിനെ പുറത്താക്കി തഹ്‌രിർ അൽ-ഷാമിന്റെ (എച്ച്.ടി.എസ്) നേതൃത്വത്തിലെ വിമതസേന ഭരണം പിടിച്ചത്. എച്ച്.ടി.എസ് മേധാവി അഹ്‌മ്മദ് അൽ-ഷറ ജനുവരിയിൽ രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |