
ജക്കാർത്ത: ഇൻഡോനേഷ്യയിലെ മദ്ധ്യ സുലവേസിയിലുള്ള തലിസേ ബീച്ചിൽ നീന്താനെത്തിയ 51കാരനെ മുതല കടിച്ചു കൊന്നു. മാർച്ച് 27നായിരുന്നു സംഭവം. സദർവിനാത എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ നീന്തുന്നതിനിടെ മുതല അടുത്തേക്ക് നീന്തിയെത്തുന്നത് ബീച്ചിലെത്തിയ മറ്റ് സഞ്ചാരികൾ കണ്ടിരുന്നു. ഇവർ മുന്നറിയിപ്പ് നൽകിയിട്ടും സദർവിനാത അത് അവഗണിച്ച് നീന്തൽ തുടർന്നു. നിമിഷനേരം കൊണ്ട് മുതല ഇയാളെ കടിച്ചെടുത്ത് വെള്ളത്തിൽ മുങ്ങി. പ്രാദേശിക അധികൃതർ നടത്തിയ ഡ്രോൺ പരിശോധനയിൽ സദർവിനാതയുടെ മൃതദേഹം കടിച്ചെടുത്ത് നീന്തുന്ന മുതലയെ തീരത്തിന് സമീപം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥർ മുതലയെ വെടിവച്ചു കൊന്ന ശേഷമാണ് മൃതദേഹം വീണ്ടെടുത്തത്. ബീച്ചിലെത്തുന്നവർക്ക് പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതീവ അക്രമകാരികൾ അടക്കം 14 തരം മുതലകളാണ് ഇൻഡോനേഷ്യയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |