SignIn
Kerala Kaumudi Online
Thursday, 04 June 2026 2.42 AM IST

ട്രംപിന് മുന്നറിയിപ്പ് --- ഇറാനെ ആക്രമിച്ചാൽ യുദ്ധം: ഖമനേയി

READ ENGLISH VERSION
d

ടെഹ്‌റാൻ: രാജ്യത്തിന് നേരെ യു.എസിന്റെ ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും, അത് മേഖലയിൽ ഒരു യുദ്ധത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ഇറാൻ ഒരു രാജ്യത്തെയും ആക്രമിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞങ്ങളെ വേദനിപ്പിച്ചാൽ സർവശക്തിയോടെ തിരിച്ചടിക്കും. മേഖലയിലുള്ള യു.എസ് നാവികവ്യൂഹത്തെ ഇറാൻ ഭയക്കുന്നില്ല - ഖമനേയി പറഞ്ഞു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കവെയാണ് പ്രതികരണം.

അടുത്തിടെ രാജ്യത്തുണ്ടായ ഭരണവിരുദ്ധ പ്രക്ഷോഭം സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നെന്നും വിദേശശക്തികൾ ആവിഷ്കരിച്ച അസ്ഥിരതയെ രാജ്യം തകർത്തെന്നും ഖമനേയി അവകാശപ്പെട്ടു. അതേ സമയം, ഭീഷണികൾ തുടരുന്നതിനിടെയിലും ചർച്ചകളിലൂടെയുള്ള പരിഹാര മാർഗ്ഗത്തിലേക്കും ട്രംപ് വിരൽചൂണ്ടുന്നുണ്ട്.

യു.എസുമായി ആണവ കരാറിലെത്താനും സംഘർഷം ഒഴിവാക്കാനും ഇറാൻ ഗൗരവമായ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ട്രംപ് ഇന്നലെ പറഞ്ഞു. എന്നാൽ യു.എസുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഇറാൻ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.

യൂറോപ്യൻ യൂണിയൻ റെവല്യൂഷണറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചതിന് തിരിച്ചടിയായി, യൂറോപ്യൻ യൂണിയന്റെ സേനകളെ തീവ്രവാദികളായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിന് ഇറാൻ പാർലമെന്റ് അംഗീകാരം നൽകി. ഹോർമൂസ് കടലിടുക്കിൽ ഉടൻ നാവികാഭ്യാസം വേണ്ട എന്ന് ഇറാൻ തീരുമാനിച്ചു. ഇന്നലെ മുതൽ നാവികാഭ്യാസം തുടങ്ങാനായിരുന്നു പദ്ധതി.

 പരിഭ്രാന്തി പരത്തി ഭൂചലനം

തെക്കൻ ഇറാനിൽ 5.3 റിക്ടർ സ്കെയിൽ തീവ്രതയിലുണ്ടായ ഭൂചലനം പരിഭ്രാന്തി പരത്തി. പ്രാദേശിക സമയം ഇന്നലെ രാവിലെ 8.11ന് ബുഷെഹർ പ്രവിശ്യയിൽ അസലുയേ നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനം. ആളപായമോ കാര്യമായ നാശനഷ്ടമോ ഇല്ല.

യു.എ.ഇ, ഖത്തർ, ഇറാഖ് രാജ്യങ്ങളുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ബുഷെഹർ ആണവോർജ്ജ പ്ലാന്റിന് സമീപാണ് ഭൂചനമുണ്ടായത്. ഇതോടെ ഇറാൻ രഹസ്യ ആണവ പരീക്ഷണം നടത്തിയതാണോ എന്ന തരത്തിൽ അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ വിദഗ്ദ്ധർ ഇത് തള്ളി.

അതേ സമയം, ബന്ദർ അബ്ബാസിൽ ശനിയാഴ്ച എട്ടുനില കെട്ടിടത്തിലുണ്ടായ സ്ഫോടനം ഗ്യാസ് ചോർച്ച മൂലമാണെന്ന് സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ ഒരു കുട്ടി കൊല്ലപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360