SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

അന്ന് റീഗൻ, ഇന്ന് ട്രംപ്

i

വാഷിംഗ്ടൺ: 45 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കുപ്രസിദ്ധ വെടിവയ്പിന്റെ ഓർമ്മപ്പെടുത്തലാണ് ഇന്നലെ വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിൽ അരങ്ങേറിയത്. 1981 മാർച്ച് 30ന് അന്നത്തെ യു.എസ് പ്രസിഡന്റ് റൊണാൾഡ് റീഗന് നേരെ വധശ്രമമുണ്ടായത് ഹോട്ടലിന്റെ മുന്നിൽ വച്ചാണ്. ജോൺ ഹിൻക്ലി ജൂനിയർ (25) എന്നയാളാണ് റീഗനെ ലക്ഷ്യമിട്ടത്. ഒരു പരിപാടി കഴിഞ്ഞ് റീഗൻ ഹോട്ടലിന് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. വെറും ഒരിഞ്ച് വ്യത്യാസത്തിലാണ് ബുള്ളറ്റ് റീഗന്റെ ഹൃദയത്തിൽ തുളച്ചുകയറാതെ വഴുതിമാറിയത്. അദ്ദേഹത്തിന്റെ വാരിയെല്ല് ഒടിഞ്ഞു. ശ്വാസകോശത്തിൽ ഗുരുതര പരിക്കേറ്റു. സങ്കീർണ ശസ്ത്രക്രിയയിലൂടെ റീഗൻ ജീവിതത്തിലേക്ക് തിരിച്ചെത്തി. ടാക്സി ഡ്രൈവർ എന്ന ഹിറ്റ് ചിത്രത്തിന്റെ കടുത്ത ആരാധകനായ ഹിൻക്ലി, നടി ജോഡീ ഫോസ്റ്ററിനെ ആകർഷിക്കാൻ വേണ്ടിയാണത്രെ ആക്രമണം നടത്തിയത്. മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ച ഹിൻക്ലിയെ 2022ൽ മോചിപ്പിച്ചു.

 വെടിവയ്പിന് മുമ്പേ എപ്സ്റ്റീൻ ഫയൽസിന്റെ പേരിൽ പ്രതിഷേധം

വിരുന്നിന് മുന്നോടിയായി വെള്ളിയാഴ്ച ട്രംപിനെതിരെ എപ്സ്റ്റീൻ ഫയൽസിന്റെ പേരിൽ ശക്തമായ പ്രതിഷേധം വാഷിംഗ്ടൺ ഹിൽട്ടൺ ഹോട്ടലിന് മുന്നിൽ അരങ്ങേറിയിരുന്നു. ട്രംപും അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും ഒന്നിച്ചുള്ള ദൃശ്യങ്ങളും ഇ-മെയിലുകളും ഹോട്ടലിന്റെ ഭിത്തിയിൽ പ്രതിഷേധക്കാർ പ്രദർശിപ്പിച്ചു. ട്രംപിന്റെയും എപ്‌സ്റ്റീന്റെയും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും മുഖംമൂടി ധരിച്ച് ചെറിയ തോതിൽ പ്രതിഷേധം ശനിയാഴ്ച രാവിലെയും അരങ്ങേറി.

വൈറ്റ് ഹൗസിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകരുടെ സംഘടനയായ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക പരിപാടിയാണ് വിരുന്ന്. പരമ്പരാഗതമായി പ്രസിഡന്റ് അടക്കം ഉന്നതർ പങ്കെടുക്കും. എന്നാൽ നിലവിലെ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കുന്നത് ആദ്യമാണ്. ആദ്യ ടേമിലും കഴിഞ്ഞ വർഷവും ക്ഷണം ട്രംപ് നിരസിച്ചിരുന്നു.

ട്രംപിന്റെ ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സേത്ത്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ തുടങ്ങിയവരും വിരുന്നിന് എത്തിയിരുന്നു.

 ജനാധിപത്യത്തിൽ

അക്രമത്തിന് സ്ഥാനമില്ല: മോദി

വാഷിംഗ്ടണിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്‌പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി എക്‌‌സിൽ കുറിച്ചു. സംഭവത്തിൽ പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വൈസ് പ്രസിഡന്റും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസം. അവരുടെ സുരക്ഷയും ക്ഷേമവും പ്രധാനമാണ്. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. അതിനെ നിസ്സംശയമായും അപലപിക്കണം-പ്രധാനമന്ത്രി കുറിച്ചു.

 വെടിയൊച്ച കേട്ടപ്പോൾ കരുതിയത് ട്രേ താഴെ വീണതാകാമെന്നാണ്. സുരക്ഷാ ഉദ്യോഗസ്ഥർ വേഗത്തിൽ വീറോടെ അതിശയകരമായ ജോലി പൂർത്തിയാക്കി.

- ഡൊണാൾഡ് ട്രംപ്,

പ്രസിഡന്റ്, യു.എസ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360