
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയ്ക്ക് മുകളിൽ കൊടുംതണുപ്പിൽ മരണത്തെ മുഖാമുഖം കണ്ട ഷെർപ്പയെ അദ്ഭുതകരമായി രക്ഷിച്ചു. ആറ് ദിവസം ഭക്ഷണോ വെള്ളമോ മതിയായ ഓക്സിജനോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ ദാവ ഷെർപ്പയാണ് (52) ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
നേപ്പാളിലെ ഷെർപ്പ വിഭാഗത്തിൽപ്പെട്ടവരുടെ സഹായത്തോടെയാണ് പർവ്വതാരോഹകർ എവറസ്റ്റിലേക്ക് കയറുന്നത്. മേയ് 29ന് 24,600 അടി ഉയരത്തിൽ വച്ചാണ് ദാവയെ കാണാതായത്. എവറസ്റ്റ് കയറ്റം പൂർത്തിയാക്കിയ സഞ്ചാരിക്കൊപ്പം തിരിച്ചറങ്ങുകയായിരുന്നു അദ്ദേഹം. ദാവ വിശ്രമിക്കുന്നതിനിടെ മുന്നോട്ടു നീങ്ങിയ സഞ്ചാരി, അപകടത്തിൽപ്പെട്ട മറ്റൊരു പർവ്വതാരോഹകനെ രക്ഷിച്ച് താഴേക്ക് ഇറങ്ങി. ദാവ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും തെറ്റി.
ഇന്നലെ സാഗർമാതാ പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയിലെ അംഗങ്ങൾ എവറസ്റ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തവെ യാദൃശ്ചികമായാണ് ദാവയെ കണ്ടത്. അവശനായ അദ്ദേഹം ബേസ് ക്യാമ്പിന് മുകളിലുള്ള മഞ്ഞുമൂടിയ ചരിവുകളിലൂടെ ഇഴഞ്ഞിറങ്ങുകയായിരുന്നു. ഉടൻ അദ്ദേഹത്തെ രക്ഷിച്ച് അടിയന്തര ചികിത്സ നൽകിയ ശേഷം കാഠ്മണ്ഡുവിലെ ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചു. ദാവയുടെ നില മെച്ചപ്പെട്ടുവരികയാണ്.
സമുദ്രനിരപ്പിൽ നിന്ന് 29,032 അടി ഉയരത്തിലുള്ള എവറസ്‌റ്റിലെ അന്തരീക്ഷവും കാലാവസ്ഥയുമെല്ലാം ഷെർപ്പകൾക്ക് കാണാപ്പാഠമാണ്. ഒറ്റപ്പെട്ടു പോയിട്ടും തന്റെ അറിവ് പ്രയോജനപ്പെടുത്തി മുന്നോട്ടുനീങ്ങിയതാണ് ദാവയ്ക്ക് തുണയായത്.
# അവിശ്വസനീയം
കൊടുംതണുപ്പിൽപ്പെട്ട് ദാവ മരിച്ചിരിക്കാമെന്ന് കരുതി അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ കുടുംബം തുടങ്ങിയിരുന്നു. ദാവ തിരിച്ചെത്തിയെന്ന വാർത്ത കേട്ട് ഞെട്ടിയ അവർ വിശ്വസിക്കാൻ തയ്യാറായില്ലെന്നും പിന്നീട് ഫോട്ടോ കണ്ട് ഉറപ്പിക്കുകയായിരുന്നെന്നും പറയുന്നു. അധികൃതർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചെന്നാരോപിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |