അഖിൽ ജോയൻ
മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും
ഇന്ത്യക്കാരനുൾപ്പെടെ എട്ടു പേർക്ക് പരിക്ക്
കീവ് / ന്യൂഡൽഹി/കാസർകോട്: യുക്രെയിനിലെ ഒഡേസ തീരത്ത് കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ മലയാളിയുൾപ്പെടെ നാല് ഇന്ത്യക്കാരടക്കം 10 പേർ കൊല്ലപ്പെട്ടു. കാസർകോട്, വെള്ളരിക്കുണ്ട് എ.കെ.ജി നഗറിനു സമീപം പന്നിത്തടത്തിൽ ജോയൽ- സാലി ദമ്പതികളുടെ മകൻ അഖിൽ ജോയനാണ് (26) കൊല്ലപ്പെട്ട മലയാളി.
ഗുർപ്രീത് സിംഗ് ഭട്ട്, ജഗൻ സിംഗ്, അഭിഷേക് നിഷാദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഇന്ത്യക്കാർ. സിറിയൻ പൗരന്മാരും യുക്രെയിൻ സ്വദേശിയുമാണ് മരിച്ച മറ്റുള്ളവർ. ഇന്ത്യക്കാരനായ സെബാസ്റ്റ്യൻ ബ്ളെസനുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. 18 പേരാണ് കപ്പലിലുണ്ടായിരുന്നത്.
ഇന്നലെ ഉച്ചയ്‌ക്ക് കപ്പൽ ഉടമകളാണ് ഔദ്യോഗികമായി വിവരമറിയിച്ചത്. 'ഗോൾഡൻ ലിയോ" എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മുംബയ് ആസ്ഥാനമായ ഓഷൻ ഗ്രേസ് ഷിപ്പിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥയിലുള്ള കപ്പലിന്റെ നിയന്ത്രണം തുർക്കിഷ് കമ്പനിക്കാണ്.
ഞായറാഴ്ച ഒഡേസ തുറമുഖത്ത് നിന്ന് ചോളവുമായി പുറപ്പെട്ട കപ്പലിൽ മൂന്ന് റഷ്യൻ ക്രൂസ് മിസൈലുകളാണ് പതിച്ചത്. കപ്പലിലെ തീപിടിത്തം ഇന്നലെ രാവിലെയാണ് യുക്രെയിൻ നേവി നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നൽകും. പരിക്കേറ്റ സെബാസ്റ്റ്യൻ ബ്ളെസന് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തി
അഖിൽ റെക്കാഡ് ജേതാവ്
അഖിൽ ജോയൻ വടംവലിയിൽ ലോക റെക്കാഡ് നേടിയിട്ടുണ്ട്. 2023ലാണ് റെക്കാഡ് ലഭിച്ചത്. സ്‌കൂൾ പഠനകാലം മുതൽ മികച്ച വടംവലി താരമായിരുന്നു. അടുത്തിടെയാണ് വിവാഹം നിശ്ചയിച്ചത്. അവധിക്ക് നാട്ടിലെത്തുമ്പോൾ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
യുക്രെയിൻ ആക്രമണം പ്രകോപനമായി
2022ന് ശേഷം കരിങ്കടലിലുണ്ടായ ഏറ്റവും വലിയ കപ്പൽ ആക്രമണം
കരിങ്കടലിലും അസോവ് കടലിലും കപ്പലുകൾക്ക് നേരെയും റഷ്യയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും യുക്രെയിൻ ഡ്രോൺ ആക്രമണം കടുപ്പിച്ചത് പ്രകോപനമായി
യുക്രെയിനും റഷ്യയും തുടരുന്ന കര, നാവിക ആക്രമണങ്ങളുടെ ഭാഗം
കപ്പലിലുണ്ടായിരുന്നത് സൈനിക ചരക്കെന്ന് റഷ്യയുടെ വാദം. നിഷേധിച്ച് യുക്രെയിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |