SignIn
Kerala Kaumudi Online
Saturday, 06 June 2026 10.02 AM IST

ബഹിരാകാശ നിലയത്തിൽ ചോർച്ച,​ ആശങ്ക

pic

വാഷിംഗ്ടൺ: ഭൂമിയിൽ നിന്നും 250 മൈൽ (400 കിലോമീറ്റർ) അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഓക്‌സിജൻ ചോർച്ച കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചു. നിലയത്തിൽ റഷ്യൻ ഭാഗത്തുള്ള സ്വെസ്ദ മൊഡ്യൂളിന്റെ ട്രാൻസ്‌ഫർ ടണലിൽ രണ്ട് വിള്ളലുകളുണ്ടായതാണ് ചോർച്ചയ്ക്ക് കാരണം.

സഞ്ചാരികൾക്ക് നിലവിൽ ഭീഷണിയില്ലെന്നും ഒരു വിള്ളൽ അടച്ചെന്നും റഷ്യൻ സ്പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് അറിയിച്ചു. രണ്ടാമത്തേത് അടയ്ക്കാനുള്ള ശ്രമത്തിലാണ്.

നിലവിൽ 7 സഞ്ചാരികളാണ് നിലയത്തിലുള്ളത്. റഷ്യയുടെ സോയൂസ് എം.എസ് - 28 ദൗത്യത്തിലെ മൂന്ന് പേരും (രണ്ട് റഷ്യക്കാർ ഒരു അമേരിക്കക്കാരൻ)​ നാസ - സ്പേസ് എക്സ് ക്രൂ 12 ദൗത്യത്തിലെ നാല് പേരും (രണ്ട് അമേരിക്കക്കാരും,​ ഓരോന്ന് വീതം ഫ്രഞ്ച്,​ റഷ്യൻ പൗരന്മാരും)​. നിലയത്തിൽ ഇതിന് മുമ്പും ചോർച്ചകൾ കണ്ടെത്തിയിട്ടുണ്ട്.

# അടിയന്തര മടങ്ങലിന് സജ്ജമായി

 മുൻകരുതലിന്റെ ഭാഗമായി നാല് സ്പേസ് എക്സ് സഞ്ചാരികളോടും സോയൂസിലെ അമേരിക്കൻ സഞ്ചാരിയോടും സ്പേസ് സ്യൂട്ടുകൾ ധരിച്ച് നിലയവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകത്തിനുള്ളിൽ അഭയംതേടാൻ നാസ നിർദ്ദേശിച്ചിരുന്നു. അടിയന്തര സാഹചര്യമുണ്ടായാൽ ഭൂമിയിലേക്ക് മടങ്ങാൻ വേണ്ടിയാണിത്

 സോയൂസ് യാത്രികരായ സെർജി കുദ് സ്വെർച്‌കോവും സെർജി മികായേവും ഇന്നലത്തെ അറ്റക്കുറ്റപ്പണികൾ പൂർത്തിയാക്കിയതോടെ അഞ്ച് പേരോടും തിരികെ നിലയത്തിനുള്ളിലേക്ക് മാറാൻ നാസ നിർദ്ദേശിച്ചു

# അന്താരാഷ്ട്ര ബഹിരാകാശ നിലയം

ബഹിരാകാശത്തെ ഏ​റ്റവും വലിപ്പമുള്ള മനുഷ്യ നിർമ്മിത വസ്തു. യു.എസ്, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ സംയുക്ത സംരംഭം. നാസ, റഷ്യയുടെ റോസ്‌കോസ്‌മോസ്, കാനഡയുടെ സി.എസ്.എ, യൂറോപ്യൻ സ്പേസ് ഏജൻസി, ജപ്പാന്റെ ജാക്‌സ എന്നീ ബഹിരാകാശ ഏജൻസികൾ ചേർന്നാണ് പരിപാലിക്കുന്നത്. 1998ൽ വിക്ഷേപിച്ചു. നിലയത്തിൽ സഞ്ചരിക്കുന്ന ബഹിരാകാശ യാത്രികർക്ക് ഒരു ദിവസം 16 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാൻ സാധിക്കും. 2000 മുതൽ സ്ഥിരമായി മനുഷ്യ സാന്നിദ്ധ്യമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360