
ബീജിംഗ്: ഏകദേശം 7.2 കോടി വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളെ പോലും കൊല്ലാൻ ശേഷിയുള്ള ഭീമാകാരന്മാരായ നീരാളികൾ സമുദ്രങ്ങളിൽ ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ കണ്ടെത്തി ജാപ്പനീസ് ശാസ്ത്രജ്ഞർ. ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാന ഘട്ടത്തിൽ ജീവിച്ചിരുന്ന ഇവയ്ക്ക് 62 അടി വരെ നീളമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിനായി സമുദ്രത്തിലെ ഏറ്റവും വലിയ സ്പീഷീസുകളോട് മത്സരിച്ച ഇവ, അവയെ കൊന്നു തിന്നുകയും ചെയ്തിരുന്നു.
കടലിലെ ഭീകരനായിരുന്ന 'മൊസാസോർ' ആയിരുന്നു ഇവയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. പുരാതന നീരാളി വർഗ്ഗങ്ങളുടെ 15 ഫോസിൽ താടിയെല്ലുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഹൊക്കൈഡോ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ പറയുന്നു.
സ്പേം തിമിംഗലത്തോളം വലിപ്പമുണ്ടായിരുന്ന ഭീമൻ നീരാളിയ്ക്ക് 'നാനൈമോറ്റൂതിസ് ഹാഗാർട്ടി' എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഭൂമിയിൽ ഇന്നുവരെ ജീവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നട്ടെല്ലില്ലാത്ത ജീവിയാകാം ഇവ. ഇവ മാംസഭോജികളായിരുന്നു എന്ന് മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചത് അവയുടെ താടിയെല്ലുകൾക്ക് സംഭവിച്ചിട്ടുള്ള കടുത്ത തേയ്മാനമാണ്. അതേ സമയം, 26 അടി വരെ നീളമുണ്ടായിരുന്ന 'നാനൈമോറ്റൂതിസ് ജെലെറ്റ്സ്കി' എന്ന സമുദ്രത്തിലെ മറ്റൊരു വേട്ടക്കാരൻ നീരാളിയേയും ഗവേഷകർ തിരിച്ചറിഞ്ഞു. പുരാതന നീരാളികളും ഇന്നുള്ളവയെ പോലെ ഉയർന്ന ബുദ്ധിശക്തിയുള്ളവയായിരുന്നു. ഏകദേശം 500 ദശലക്ഷം ന്യൂറോണുകൾ നീരാളിയുടെ തലയിലും കൈകളിലുമുണ്ട്. അതിനാൽ പല കടൽജീവികളിൽ നിന്നും വ്യത്യസ്തമായി അപകട സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഇവർക്ക് ഏറെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |