
ലണ്ടൻ: തിരകളിലും മണൽത്തരികളിലും തിളങ്ങുന്ന നീല നിറത്തിലെ ചെറിയ വസ്തുക്കൾ... യു.കെയിലെ വിവിധ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപൂർവ്വ കാഴ്ചയാണിത്. ഒറ്റനോട്ടത്തിൽ ഇലക്ട്രിക് ബ്ലൂ നിറത്തിലെ പ്ലാസ്റ്റിക് വസ്തുക്കളോ പൂക്കളോ പോലെ തോന്നുമെങ്കിലും ശരിക്കും 'വെലെല്ല വെലെല്ല ' എന്ന കുഞ്ഞൻ കടൽജീവിയാണിത്.
' ബൈ ദ വിൻഡ് സെയ്‌ലേഴ്സ് ' എന്നും ഇവ അറിയപ്പെടുന്നു. ഉഷ്ണ തരംഗവും ശക്തമായ കാറ്റുമൊക്കെയായി കാലാവസ്ഥ മാറിമറിഞ്ഞതോടെയാണ് ആയിരക്കണക്കിന് വെലെല്ലകൾ യു.കെയിലെ കടൽത്തീരങ്ങളിലേക്ക് ഒഴുകിയെത്തിയത്.
കംബ്രിയ, നോർത്ത് വെയ്‌ൽസ്, ചാനൽ ഐലൻഡ്സ് ഭാഗങ്ങളിലാണ് ഇവയെ കൂടുതൽ കണ്ടെത്തിയത്. കാഴ്ചയിൽ ജെല്ലിഫിഷുകളെ പോലെ തോന്നും. എന്നാൽ ഇവ ഒറ്റ ജീവിയല്ല എന്നതാണ് വാസ്തവം. നൂറുകണക്കിന് ചെറു ഹൈഡ്രോയ്‌ഡുകൾ കൂടിച്ചേർന്നാണ് വെലെല്ല വെലെല്ല രൂപപ്പെടുന്നത്.
സുതാര്യമായ ത്രികോണാകൃതിയിലെ ഇവയുടെ ചെറിയ ചിറകുകൾ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സമുദ്രോപരിതലത്തിലൂടെ നീങ്ങുന്നു. സ്വന്തമായി നീന്താൻ കഴിയില്ല. ശക്തമായ കാറ്റുള്ളപ്പോൾ ഇവ കൂട്ടമായി കടൽത്തീരങ്ങളിൽ വന്നടിയുന്നത് സാധാരണമാണ്.
5 - 10 സെന്റീമീറ്റർ വരെ വലിപ്പം ഇവയ്ക്ക് കാണപ്പെടുന്നു. മനുഷ്യർക്ക് ഇവ അപകടം സൃഷ്ടിക്കില്ലെങ്കിലും അവയെ തൊടാൻ പാടില്ലെന്നും വളർത്തുമൃഗങ്ങൾ ഇവയ്ക്ക് അരികിലേക്ക് പോകാൻ അനുവദിക്കരുതെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |