SignIn
Kerala Kaumudi Online
Wednesday, 05 August 2026 8.07 AM IST

ജപ്പാനെതിരെ കിമ്മിന്റെ സഹോദരി

d

പ്യോഗ്യാംഗ്: ജപ്പാൻ അടുത്തിടെ നടത്തിയ യു.എസ് നിർമ്മിത ടോമഹോക്ക് ക്രൂസ് മിസൈലിന്റെ പരീക്ഷണത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് രംഗത്ത്. ജപ്പാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾക്കെതിരെ ഉത്തര കൊറിയ പുതിയ സൈനിക തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ജോംഗ് കൂട്ടിച്ചേർത്തു.


ജൂലായ് 29നാണ് പസഫിക് സമുദ്റത്തിൽ ജപ്പാൻ സൈന്യം യുദ്ധക്കപ്പലിൽ നിന്ന് ദീർഘദൂര ക്രൂസ് മിസൈൽ വിക്ഷേപണം നടത്തിയത്. ജപ്പാൻ നടത്തിയ മ​റ്റ് മിസൈൽ പരീക്ഷണങ്ങളെയും, മേയിൽ ഫിലിപ്പീൻസിൽ നടന്ന യു.എസിന്റെ നേതൃത്വത്തിലുള്ള സംയുക്ത സൈനിക അഭ്യാസത്തിൽ ജപ്പാൻ പങ്കെടുത്തതിനെയും ജോംഗ് വിമർശിച്ചു.


ജപ്പാന്റെ അപകടകരമായ സൈനിക നീക്കങ്ങൾക്ക് പിന്നിൽ യു.എസാണെന്ന്ന് ജോംഗ് ആരോപിച്ചു. ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ജപ്പാന്റെ നടപടികളെ പ്രതിരോധിക്കാൻ കൂടുതൽ സൈനിക മാർഗ്ഗങ്ങൾ സജ്ജമാക്കുമെന്ന് ജോംഗ് കൂട്ടിച്ചേർത്തു. 38 കാരിയായ യോ ജോംഗാണ് ഭരണ, സൈനിക കാര്യങ്ങൾക്ക് കിം ജോംഗ് ഉന്നിനെ സഹായിക്കുന്നത്.


കിമ്മിനെക്കാൾ അപകടകാരിയെന്നാണ് ജോംഗിനെ വിശേഷിപ്പിക്കുന്നത്. കിമ്മിന് ശേഷം ഉത്തര കൊറിയയിലെ ഏറ്റവും ശക്തമായ നേതാവായ ജോംഗ്, കിമ്മിന്റെ ഉപദേശകരിൽ ഒരാൾ കൂടിയാണ്. കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ ഉന്നത പദവികൾ വഹിക്കുന്ന ഇവർ പാശ്ചാത്യ രാജ്യങ്ങൾക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്താറുണ്ട്.


മണിക്കൂറിൽ 880 കിലോമീറ്റർ വേഗതയുള്ള ടോമഹോക്ക് യു.എസിന്റെ കരുത്തുറ്റ മിസൈലുകളിൽ ഒന്നാണ്. ഉന്നം പിഴയ്‌ക്കാതെ 1600 കിലോമീറ്ററിൽ കൂടുതൽ ആക്രമിക്കാൻ ശേഷിയുള്ള ഇവ റഡാറുകളുടെ കണ്ണിൽപ്പെടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360