SignIn
Kerala Kaumudi Online
Thursday, 13 August 2026 3.23 AM IST

ചൈനയുടെ സാമ്പത്തിക മുഖം മുൻ ചൈനീസ് പ്രധാനമന്ത്രി ഷു റോംഗ്‌ജി അന്തരിച്ചു

d

ബീജിംഗ്: ചൈനയെ സാമ്പത്തിക ശക്തിയാക്കിയതിൽ പ്രധാനിയായ മുൻ പ്രധാനമന്ത്രി ഷു റോംഗ്ജി (97) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ബീജിംഗിൽ ഇന്നലെയായിരുന്നു അന്ത്യം. മാവോ സേ ദുംഗിന്റെ ജന്മനാടായ ഹുനാൻ പ്രവിശ്യയിൽ ജനിച്ച റോംഗ്ജി ഇലക്ട്രിക്കൽ എൻജിനിയറായിരുന്നു.

1998 മുതൽ 2003 വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന റോംഗ്ജി, രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് നേതൃത്വം നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ പുനഃസംഘടന, നികുതി സംവിധാനത്തിലെ പരിഷ്‌കാരം, സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങൾ കുറയ്ക്കൽ തുടങ്ങിയവയിലൂടെ ചൈനീസ് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ വിപണി കേന്ദ്രിതമാക്കി.

ചൈനയുടെ ലോക വ്യാപാര സംഘടനയിലേക്കുള്ള (ഡബ്യു.ടി.ഒ) പ്രവേശനത്തിന് റോംഗ്ജി പ്രധാന പങ്കുവഹിച്ചു. 2001ൽ ഡബ്യു.ടി.ഒ അംഗത്വം നേടിയതിന് പിന്നാലെ ആഗോള സമ്പദ്‌വ്യവസ്ഥയുമായി ചൈനയുടെ ഏകീകരണം വേഗത്തിലാക്കി. ഇതോടെ ജപ്പാനെ മറികടന്ന് യു.എസിന് പിന്നിൽ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായി ചൈന വളർന്നു.

1991 മുതൽ ഉപപ്രധാനമന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് പ്രധാനമന്ത്രിയായി ചുമതയേറ്റു. ഷാങ്ഹായ് നഗരത്തിന്റെ മേയറായും പ്രവർത്തിച്ചു. സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിലും അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നതിലും റോംഗ്ജി ശ്രദ്ധേയനായി. 'ഞാൻ നൂറു ശവപ്പെട്ടികൾ തയാറാക്കിയിട്ടുണ്ട് 99 എണ്ണം അഴിമതിക്കാർക്കും ഒരെണ്ണം എനിക്കും' എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.
അതേസമയം, സ്വകാര്യവത്കരണത്തിൽ റോംഗ്ജിന് താത്പര്യം കുറവായിരുന്നു. ബാങ്ക്, എയർലൈൻസ്, എണ്ണ കമ്പനികൾ മുതലായ പൊതു മേഖല സ്ഥാപനങ്ങളെ അദ്ദേഹം ലാഭത്തിലാക്കിയെങ്കിലും ഉടമസ്ഥതാവകാശം സർക്കാരിൽ തന്നെ നിലനിറുത്തി. ഭാര്യ: ലാവോ ആൻ, മക്കൾ: സു യുൻലൈ, സു യാൻലൈ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360