
ടോക്കിയോ : ജപ്പാനിലെ ഒസാക്കയിലുള്ള പ്രശസ്തമായ റെസ്റ്റോറന്റാണ് ' സാവുഒ '. ധാരാളം മത്സ്യങ്ങളുള്ള കുളമാണ് ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത. റെസ്റ്റോറന്റിൽ എത്തുന്ന കസ്റ്റമേഴ്സിന് ഈ കുളത്തിൽ നിന്ന് മത്സ്യത്തെ പിടിക്കാൻ അവസരമുണ്ട്. റെസ്റ്റോറന്റിന്റെ ഉള്ളിൽ ഒരു വശത്താണ് മനോഹരമായ കുളം.
റെസ്റ്റോറന്റിന്റെ വശത്ത് നിന്നോ അല്ലെങ്കിൽ കുളത്തിൽ ഒരുക്കിയിരിക്കുന്ന ബോട്ടിൽ നിന്നോ മത്സ്യത്തെ പിടിക്കാം. കസ്റ്റമർ മത്സ്യത്തെ പിടിച്ചാൽ അത് ആഘോഷിക്കാൻ റെസ്റ്റോറന്റ് അധികൃതർ പ്രത്യേക അറിയിപ്പ് നടത്തും. പിടിച്ച മത്സ്യവുമൊത്തുള്ള കസ്റ്റമറിന്റെ ചിത്രം റെസ്റ്റോറന്റ് അധികൃതർ പകർത്തും. ശേഷം മത്സ്യം നേരെ ഷെഫിന്റെ കൈകളിലേക്കാണ് പോകുന്നത്.
സഷിമി, ഡീപ്പ് ഫ്രൈഡ് ഫിഷ് തുടങ്ങി കസ്റ്റമറിന്റെ ഇഷ്ടാനുസരണമുള്ള വിഭവങ്ങൾ തീൻമേശയിലേക്ക് വൈകാതെ എത്തും. സ്വയം മത്സ്യത്തെ പിടിക്കുന്ന കസ്റ്റമേഴ്സിന് ഡിസ്കൗണ്ടും ലഭ്യമാണ്. മാർക്കറ്റിൽ 4,000 ജാപ്പനീസ് യെൻ വിലയുള്ള പ്രീമിയം മത്സ്യങ്ങളും കുളത്തിലുണ്ട്. നല്ല ഫ്രഷ് മത്സ്യം കൊണ്ടുള്ള രുചികരമായ വിഭവങ്ങൾ ആസ്വദിക്കാമെന്നതാണ് മറ്റൊരു പ്രയോജനം.
അതേ സമയം, മത്സ്യത്തെ പിടിക്കാനുള്ള വസ്തുക്കളുടെ വാടക നൽകണം. കസ്റ്റമേഴ്സിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ റെസ്റ്റോറന്റിലെ സ്റ്റാഫുകൾ സഹായത്തിനും ഉപദേശത്തിനും എത്താറുണ്ട്. പിടിച്ച മത്സ്യത്തെ കുളത്തിലേക്ക് തിരിച്ചിടാൻ പാടില്ല. ടോക്കിയോയിലും ഈ റെസ്റ്റോറന്റിന് ബ്രാഞ്ചുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |