ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാർ മരവിപ്പിച്ച ഇന്ത്യയുടെ തീരുമാനം അസാധുവാക്കാൻ ഹേഗിലെ രാജ്യാന്തര തർക്ക പരിഹാര
കോടതിക്ക് അധികാരമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരാർ പ്രാബല്യത്തിലാണെന്നും അതു പാലിക്കണമെന്നും വിധിച്ചതിനെയാണ് ഇന്ത്യ നിരാകരിച്ചത്. റാറ്റിലെ ജലവൈദ്യുതി പദ്ധതിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും വിധിച്ചിരുന്നു. ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇപ്പോഴോ ഭാവിയിലോ ഇന്ത്യയുടെ ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട നടപടികളെ ഈ വിധി ബാധിക്കില്ല.
കോടതിയിൽ ഇന്ത്യ ഹാജരായിട്ടില്ല. സിന്ധു നദീജലക്കരാറിൻ്റെ വ്യവസ്ഥകൾക്കു വിരുദ്ധമായാണ് ഹേഗ് പ്രത്യേക ബഞ്ച് രൂപീകരിച്ചത്. അതിനാൽ മുൻ ഉത്തരവുകളും പുതിയ വിധിയും സാധുവാകില്ല.
സിന്ധു നദീജലക്കരാർ മരവിപ്പിക്കാൻ 2025 ഏപ്രിലിൽ എടുത്ത തീരുമാനം തുടർന്നും നിലനിൽക്കും.ജമ്മു കശ്മീരിലെ ചെനാബ് നദിയിൽ നിർമ്മിക്കുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുതി പദ്ധതിയുടെ ഡാം വാൾ, ഇൻടേക്ക് ഘടന എന്നിവയിലെ ചില നിർമ്മാണ പ്രവർത്തനങ്ങൾ താത്ക്കാലികമായി നിറുത്തിവയ്ക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. പദ്ധതിയുടെ രൂപകല്പന സിന്ധു ജലക്കരാറുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതിൽ ലോകബാങ്ക് നിയോഗിച്ച നിഷ്പക്ഷ വിദഗ്‌ദ്ധ സമിതി തീരുമാനം വരുന്നതുവരെയാണ് നിയന്ത്രണം. ഇതും ഇന്ത്യ തള്ളിക്കളഞ്ഞു.
പഹൽഗാം തിരിച്ചടി
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സ്വീകരിച്ച ശക്തമായ നടപടികളിൽ നിർണായകമായിരുന്നു സിന്ധു ജലക്കരാർ മരവിപ്പിക്കൽ. പിന്നാലെ ഇന്ത്യ റാറ്റിൽ ഉൾപ്പെടെയുള്ള ജലവൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ജലസംഭരണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.ഇതോടെ പകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിലച്ച അവസ്ഥായിലായി. കരാർ മരവിപ്പിച്ചതിൻ്റെ നിയമസാധുതയും പദ്ധതികളുടെ രൂപകല്പനയും സംബന്ധിച്ചാണ് പാകിസ്ഥാൻ അന്താരാഷ്ട്ര നിയമവേദികളിൽ തർക്കം ഉന്നയിച്ചത്.
സിന്ധു ജലക്കരാർ നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമല്ലെന്നും പുനഃപരിശോധന ആവശ്യമാണെന്നും ഇന്ത്യ നേരത്തേ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാവർദ്ധന, കാലാവസ്ഥാവ്യതിയാനം, ജലവിനിയോഗത്തിലെ മാറ്റങ്ങൾ, സാങ്കേതിക പുരോഗതി തുടങ്ങിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് കരാർ പുനഃക്രമീകരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |