
ടെഹ്രാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാനും യു.എസും പരസ്പരം ബോംബുകൾ വർഷിച്ചു. ടെഹ്‌റാനിലും ഗർഫ് മേഖലയിലെ വിവിധയിടങ്ങിലും വ്യാപക ആക്രമണം നടന്നു. ടെഹ്‌റാനിലെ കുഹെസ്തക് നഗരത്തിലെ ഒരു വിവാഹച്ചടങ്ങിന് നേരെയുണ്ടായ യു.എസ് വ്യോമാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടു.
കുവൈറ്റിലും യു.എ.ഇയിലും യു.എസിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോണാക്രമണം നടത്തി. എന്നാൽ ആക്രമണങ്ങളെ കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ പ്രതിരോധിച്ചു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷാ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്ന് കുവൈറ്റ് സൈനിക ജനറൽ അഭ്യർത്ഥിച്ചു.
അതേസമയം, ഇറാൻ തിരിച്ചടിച്ചാൽ അതിലും കഠിനമായ പ്രഹരം നേരിടുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്ക ശക്തവും വിനാശകരവുമായ തിരിച്ചടിയാണ് ഇനി പ്രതീക്ഷിക്കേണ്ടതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പറഞ്ഞു. ഇതിനിടെ ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. തിങ്കളാഴ്ച ഹോർമുസ് കടലിടുക്ക് കടക്കുന്നതിനിടെ സൗദി അറേബ്യൻ കപ്പലിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ രണ്ട് ഫിലിപ്പിൻ നാവികർ കൊല്ലപ്പെട്ടു. അതേസമയം,യുദ്ധം വീണ്ടും രൂക്ഷമായതോടെ ആഗോള എണ്ണ വിപണി വീണ്ടും പ്രതിസന്ധിയിൽ.
'ട്രംപ് കടലിടുക്ക്'
എന്നാക്കണം
ഹോർമുസ് കടലിടുക്കിന് 'ട്രംപ് കടലിടുക്ക്' എന്ന് പുനർനാമകരണം ചെയ്യാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം. 'ഇത് ഇപ്പോൾ യു.എ.എസിന്റെ നിയന്ത്രണത്തിലായ സ്ഥിതിക്ക്, ഹോർമുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് മാറ്റണമോ? അതോടെ അമേരിക്കയെ പോലെ തന്നെ കടലിടുക്കും എത്രത്തോളം ചൂടേറിയതായിരിക്കും'-ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസിൽ ഇറാന് നിയന്ത്രണം നഷ്ടമായെന്ന് യു.എസ് ഇടയ്ക്കിടെ അവകാശപ്പെടുന്നുണ്ട്. യുദ്ധത്തിനു മുൻപ് ലോകത്തെ എണ്ണ വ്യാപാരത്തിന്റെ പ്രധാന പാതയായിരുന്ന ഹോർമുസ് കടലിടുക്കിലൂടെ നിലവിൽ കപ്പലുകളുടെ സഞ്ചാരം പ്രതിസന്ധിയിലാണ്.
കാനഡയുമായുള്ള വ്യാപാരയുദ്ധത്തിനിടെ 'ലേക് ഒന്റാറിയോ'യുടെ പേര് 'ലേക് അമേരിക്ക' എന്നാക്കാൻ ഉത്തരവിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പുതിയ നീക്കം.
2025 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ആദ്യ ദിവസം 'ഗൾഫ് ഒഫ് മെക്സിക്കോ'യുടെ പേര് 'ഗൾഫ് ഒഫ് അമേരിക്ക' എന്നാക്കി മാറ്റാനും ട്രംപ് നടപടി സ്വീകരിച്ചിരുന്നു.
ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസിന് ലഭിച്ചു. ഇറാനുമായി ചർച്ച നടത്താൻ അമേരിക്ക ശ്രമിക്കുന്നില്ല. ഇറാനെതിരെ ജനം തെരുവിലിറങ്ങണം
-ഡൊണാൾഡ് ട്രംപ്.
യു.എസ് പ്രസിഡന്റ്
അമേരിക്കൻ സേനയ്ക്കായി തങ്ങളുടെ പക്കൽ 'മറക്കാനാവാത്ത ചില പാഠങ്ങൾ' കാത്തിരിക്കുന്നു.
-മൊജ്തബ ഖമനേയി
ഇറാൻ പരമോന്നത നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |