
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പാകിസ്ഥാന്റെ ഭീകരവാദ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ ഭീകരവാദം പതിവാക്കിയ രാജ്യമാണെന്ന് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം വിമർശിച്ചു.
പാകിസ്ഥാൻ യു.എന്നിൽ വസ്തുതകൾ തെറ്റായാണ് ധരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം നടത്തിയ യു.എൻ പ്രസംഗത്തിനിടെ കാശ്മീർ വിഷയവും സിന്ധു നദീജല കരാറും ഉന്നയിച്ചത് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ' ഭീകരവാദത്തെ സാധാരണവത്കരിക്കാനാണ് അവർ ശ്രമിക്കുന്നത്. ഭീകരവാദത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഞങ്ങൾ വിനിയോഗിക്കും. സൗഹൃദവും ഭീകരവാദവും ഒത്തുപോകില്ല ' ജയശങ്കർ മുന്നറിയിപ്പ് നൽകി.
ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള അതിർത്തി കടന്നുള്ള ഭീകരവാദം, ആഗോള ക്രമത്തിന് നേരിട്ടുള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്ന സർക്കാരുകൾ ഉത്തരവാദികളാക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
# നാവികരെ ആക്രമിക്കുന്നത്
അംഗീകരിക്കില്ല
പശ്ചിമേഷ്യ, ഗാസ, യുക്രെയിൻ യുദ്ധങ്ങളുടെ പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെടുന്നെന്ന് ജയശങ്കർ വ്യക്തമാക്കി. അന്താരാഷ്ട്ര ജലപാതകളിൽ വാണിജ്യ കപ്പലുകളും നാവികരും ആക്രമിക്കപ്പെടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല
അനന്തമായ യുദ്ധം അവസാനിച്ച് സമാധാനത്തിന് വഴിമാറേണ്ട സമയം അതിക്രമിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം അദ്ദേഹം ആവർത്തിച്ചു
എ.ഐ, സമുദ്ര സുരക്ഷ, ദുരന്ത നിവാരണം, കാലാവസ്ഥാ വ്യതിയാനം, ഗ്ലോബൽ സൗത്ത്, ഊർജ്ജം തുടങ്ങിയ വിവിധ മേഖലകളിലെ ഇന്ത്യയുടെ നയം അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ സംഭാവനകളും സംരംഭങ്ങളും വിശദീകരിച്ചു
# 'ഭീകര രാജ്യമാണോ
ചോദ്യം ഉന്നയിക്കുന്നത് '
യു.എൻ യോഗത്തിന് അനുബന്ധമായി നടന്ന പത്രസമ്മേളനത്തിനിടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പാകിസ്ഥാനി മാദ്ധ്യമ പ്രവർത്തകന് ജയശങ്കറിന്റെ ചുട്ട മറുപടി. 'ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനിൽ ഭീകരവാദം സ്‌പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കുക ? ' എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ഒരു ഭീകര രാജ്യമാണോ എന്നോട് ഈ ചോദ്യം ഉന്നയിക്കുന്നതെന്ന് ജയശങ്കർ തിരിച്ചടിച്ചു. മാദ്ധ്യമ പ്രവർത്തകന്റെ തെറ്റായ വാദങ്ങൾക്ക് ചെവികൊടുക്കാതെ അദ്ദേഹവും മറ്റ് നയതന്ത്രജ്ഞരും വേദി വിടുകയും ചെയ്തു. അതേ സമയം, സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായ യു.എൻ ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവച്ചു. സുരക്ഷിതമായ ഡിജിറ്റൽ ഭാവിക്കായുള്ള അന്താരാഷ്ട്ര സഹകരണം ഈ ഉടമ്പടിയിലൂടെ ശക്തമാകുമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |