
റിയാദ്: സൗദി അറേബ്യയ്ക്കെതിരെ യെമനിലെ ഹൂതി വിമതർ ആക്രമണം തുടരുന്നതിനിടെ, നേരിട്ടുള്ള ഇടപെടൽ വേണ്ടെന്ന തീരുമാനത്തിൽ തുർക്കിയും പാകിസ്ഥാനും. ഹൂതികൾക്കെതിരെ പോരാടാൻ സൗദി സഖ്യ സേനയുടെ ഭാഗമായി യെമനിൽ സൈന്യത്തെ വിന്യസിക്കാനോ സംയുക്ത ആക്രമണങ്ങൾ നടത്താനോ നിലവിൽ ഇരുരാജ്യങ്ങൾക്കും പദ്ധതിയില്ല.
എന്നാൽ സൗദിക്ക് സൈനിക, സാങ്കേതിക, ഇന്റലിജൻസ് സഹായങ്ങൾ നൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം റിയാദിൽ സൗദി, തുർക്കി, പാക് സൈനിക മേധാവിമാർ നടത്തിയ അടിയന്തര യോഗത്തിലാണ് തീരുമാനം. ആഗസ്റ്റിൽ മൂന്ന് രാജ്യങ്ങളും ചേർന്ന് നാറ്റോ മാതൃകയിൽ രൂപീകരിച്ച 'മക്ക പ്രതിരോധ സഖ്യം ' പൂർണമായും പ്രവർത്തന സജ്ജമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ധാരണയായി.
മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെയുള്ള വിദേശ സായുധ ആക്രമണത്തെ, കൂട്ടായി പ്രതിരോധിക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഇറാന്റെ സഖ്യ കക്ഷിയായ ഹൂതികൾക്കെതിരെ തുർക്കിയോ പാകിസ്ഥാനോ പ്രകോപനങ്ങൾക്ക് സൃഷ്ടിച്ചാൽ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൂടുതൽ വഷളാകും. അതേ സമയം, ഇന്നലെ സൗദിയിൽ റിയാദ്, ഖാമിസ് മുഷൈത്ത്, അഭ, യാംബു, തൈഫ് തുടങ്ങിയ ഇടങ്ങളെ ലക്ഷ്യമാക്കിയ ഹൂതി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർത്തു. ആളപായമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |