SignIn
Kerala Kaumudi Online
Sunday, 27 September 2026 8.22 AM IST

പശ്ചിമേഷ്യയിൽ സമാധാനം ഉടനില്ല  ഇറാന്റെ നിർദ്ദേശം തള്ളി ട്രംപ്

d

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ അവതരിപ്പിച്ച ഏഴു ദിന നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതോടെ,പശ്ചിമേഷ്യയിൽ സമാധാന പ്രതീക്ഷ മങ്ങി. യു.എസിന്റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്ന് ട്രംപ് പ്രതികരിച്ചെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇറാനിയൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കാനും യു.എസ് തയ്യാറല്ല.

ഉപരോധം ഇറാനെ സാമ്പത്തികമായി തളർത്തുമെന്നും ഒടുവിൽ ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്ന നിലയിലേക്ക് ഇറാനെ എത്തിക്കുമെന്നുമാണ് യു.എസ് നിലപാട്. നവംബറിലെ യു.എസ് മിഡ്ടേം തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനിൽ ബോംബാക്രമണങ്ങൾ പുനരാരംഭിക്കുന്നതും ട്രംപിന്റെ പരിഗണനയിലുണ്ട്.

അതേസമയം, ഏഴു ദിന നിർദ്ദേശത്തോടുള്ള യു.എസിന്റെ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇറാന്റെ പ്രതികരണം. വീണ്ടും ആക്രമിക്കാനാണ് നീക്കമെങ്കിൽ പശ്ചിമേഷ്യയിൽ യു.എസുമായി ബന്ധമുള്ള എല്ലാ കേന്ദ്രങ്ങളും തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ലെബനനിലെ അടക്കം ആക്രമണം നിറുത്തുക, നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ ഉപരോധം നീക്കുക, 12 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടുനൽകുക തുടങ്ങിയ ഉപാധികളാണ് ഖത്തറിലൂടെ യു.എസിന് കൈമാറിയ നിർദ്ദേശത്തിൽ ഇറാൻ ആവശ്യപ്പെട്ടത്. ആറ് ദിവസം കൊണ്ട് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഏഴാം ദിനം ഹോർമുസ് തുറക്കാമെന്നും ഇറാൻ വ്യക്തമാക്കിയിരുന്നു.


ചെങ്കടൽ സ്തംഭിക്കും

യു.എസ് ആക്രമണം പുനരാരംഭിച്ചാൽ ചെങ്കടലിലേക്കും യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ. യെമനിലെ ഹൂതി വിമതരുമായി ചേർന്ന് ചെങ്കടൽ മേഖലയിലെ ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ സൗദി അറേബ്യൻ കപ്പലുകൾക്കാണ് ചെങ്കടലിൽ ഹൂതികളുടെ ഭീഷണിയുള്ളത്. മറ്റ് കപ്പലുകളെ ലക്ഷ്യമിട്ടാൽ ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും. ആഗോള ഊർജ്ജ വിപണിക്ക് ഇരട്ടിപ്രഹരമാകും. ബ്രെന്റ് ക്രൂഡ് നിരക്ക് ബാരലിന് 105 ഡോളർ കടന്നു.


കൈവിട്ട് അമേരിക്കൻ ജനത


യുദ്ധം നീളുന്നതും ഇന്ധന വിലക്കയറ്റവും മൂലം യു.എസിൽ പ്രസിഡന്റ് ട്രംപിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നു. 37 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നതെന്ന് അമേരിക്കൻ മാദ്ധ്യമത്തിന്റെ സർവേയിൽ പറയുന്നു. 61 ശതമാനം പേർ ട്രംപിന്റെ നടപടികളിൽ അതൃപ്തരാണ്. മിഡ് ടേം തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിട്ടേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360