
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ആവിഷ്കരിച്ച ഏഴു ദിന നിർദ്ദേശം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയ പിന്നാലെ, നിബന്ധനകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്ന് ഉറച്ച് ഇറാൻ.
തങ്ങൾക്കെതിരായ യു.എസിന്റെ നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ ഉപരോധം നീക്കുക, 12 ബില്യൺ ഡോളറിന്റെ മരവിപ്പിച്ച ആസ്തി വിട്ടുനൽകുക എന്നീ ഉപാധികൾ അംഗീകരിക്കാതെ ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. സംഘർഷം നയതന്ത്രത്തിലൂടെ മാത്രമേ പരിഹരിക്കാൻ സാധിക്കൂ എന്നും അരാഗ്ചി ചൂണ്ടിക്കാട്ടി.
ആറ് ദിവസം കൊണ്ട് ആവശ്യങ്ങൾ അംഗീകരിച്ചാൽ ഏഴാം ദിനം ഹോർമുസ് കടലിടുക്ക് തുറക്കാമെന്നാണ് മദ്ധ്യസ്ഥ രാജ്യമായ ഖത്തർ വഴി ഇറാൻ യു.എസിനെ അറിയിച്ചത്. അതേ സമയം, യു.എസിന്റെ ആക്രമണ സാദ്ധ്യത മുന്നിൽക്കണ്ട് അതീവ ജാഗ്രതയിലാണ് ഇറാൻ സൈന്യം.
# ഡ്രോൺ പിടിച്ചെടുത്തെന്ന് ഇറാൻ
ഹോർമുസിൽ വച്ച് യു.എസിന്റെ അണ്ടർവാട്ടർ ഡ്രോൺ പിടിച്ചെടുത്തെന്ന വാദവുമായി ഇറാൻ. ഡ്രോണിലെ ഇന്റലിജൻസ്, പ്രവർത്തന ഡേറ്റ വേർതിരിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും അവകാശപ്പെട്ടു. വാദങ്ങൾ യു.എസ് തള്ളി. ഈമാസം ആദ്യവും യു.എസിന്റെ അണ്ടർവാട്ടർ ഡ്രോൺ ഇറാൻ പിടിച്ചെടുത്തിരുന്നു.
# ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും ആക്രമണങ്ങൾക്കും എതിരെ സ്വയം പ്രതിരോധം തുടരും.
- അബ്ബാസ് അരാഗ്ചി,
വിദേശകാര്യ മന്ത്രി, ഇറാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |