SignIn
Kerala Kaumudi Online
Monday, 28 September 2026 8.26 AM IST

കറിയുടെ പേരിൽ ഒരു അടിപിടി !

d

ടോക്കിയോ: രാജ്യങ്ങൾ തമ്മിൽ പല കാര്യങ്ങളെ ചൊല്ലി സംഘർഷങ്ങൾ ഉടലെടുക്കാറുണ്ട്. എന്നാൽ ഒരു പാത്രം കറിയുടെ പേരിൽ നയതന്ത്ര ഏറ്റുമുട്ടൽ നടത്തിയ രാജ്യങ്ങളെ അറിയാമോ ? ജപ്പാനും ഉത്തര - ദക്ഷിണ കൊറിയകളും ആണത്.

2021ലാണ് സംഭവം. ജപ്പാനിലെ ഷിമേൻ പ്രവിശ്യയിലെ ഒകിനോഷിമാ ദ്വീപിലെ ഒരു റെസ്റ്റോറന്റിൽ ഒരുക്കിയ കടൽവിഭവ കറിയാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്. കറിയ്ക്ക് നടുവിൽ ചോറ് കൊണ്ട് രണ്ട് കട്ടയുണ്ടായിരുന്നു. അതായത്, കറി കണ്ടാൽ കടൽ പോലെയും ചോറ് കട്ട കണ്ടാൽ രണ്ട് ദ്വീപുകൾ അതിൽ ഉയർന്ന് നിൽക്കുന്നത് പോലെയും തോന്നും. ചോറുകട്ടയിലൊന്നിന്റെ മുകളിൽ ജപ്പാന്റെ പതാകയുമുണ്ടായിരുന്നു. ! ഈ കാഴ്ച കൊറിയക്കാർക്ക് അത്ര രസിച്ചില്ല.

കൊറിയക്കാരും ജപ്പാനും തമ്മിൽ ദീർഘകാലമായി തർക്കം നിലനിൽക്കുന്ന പാറക്കൂട്ടങ്ങളാൽ നിറഞ്ഞ ചെറു ദ്വീപുകളുടെ സമൂഹമായ ടക്കേഷിമയെ സ്മരിപ്പിക്കുന്നതായിരുന്നു കറിയിലെ ആ ചോറുകട്ട. ഡോക്‌ഡോ എന്നാണ് കൊറിയക്കാർ ഈ ദ്വീപിനെ വിളിക്കുന്നത്. ദ്വീപിനെ പ്രതിനിധീകരിച്ചുള്ളതാണ് കറിയെന്നാരോപിച്ചാണ് കൊറിയക്കാർ സംഭവം പ്രശ്നമാക്കിയത്. ജപ്പാൻ കടലിൽ ജപ്പാനും കൊറിയയ്ക്കും ഇടയിൽ ഏകദേശം തുല്യ അകലത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം. കൊറിയക്കാർ ഈസ്റ്റ് സീ എന്നാണ് ഈ കടൽ ഭാഗത്തെ വിശേഷിപ്പിക്കുന്നത്.

ദക്ഷിണ കൊറിയയുടെ അധികാര പരിധിയിലാണ് ഈ ദ്വീപുള്ളതെങ്കിലും തങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ ദ്വീപെന്നാണ് ജപ്പാന്റെ അവകാശവാദം. ദക്ഷിണ കൊറിയൻ തീരത്തിന് കിഴക്ക് 225 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ദ്വീപിന് ലിയൻകോർട്ട് റോക്ക്സ് എന്നും പേരുണ്ട്.

# ചെമ്മീന്റെ പേരിലും തർക്കം

 ഭക്ഷണത്തിന്റെ പേരിൽ മൂന്ന് രാജ്യങ്ങൾക്കുമിടെയിൽ മുമ്പും തർക്കങ്ങൾ

 ടക്കേഷിമ ദ്വീപിൽ നിന്ന് പിടികൂടിയ ചെമ്മീൻ വിഭവം 2017ൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ദക്ഷിണ കൊറിയൻ സന്ദർശനവേളയിൽ വിരുന്നിൽ പ്രത്യക്ഷപ്പെട്ടതിനെതിരെ ജപ്പാൻ രംഗത്തെത്തി

 2018ൽ ദക്ഷിണ കൊറിയയിൽ നടന്ന ഉച്ചകോടിയ്ക്കിടെ ഭക്ഷണം വിതരണം ചെയ്ത പാത്രത്തിൽ ദ്വീപിന്റെ ഭൂപടം ആലേഖനം ചെയ്തിരുന്നത് ജപ്പാനെ പ്രകോപിപ്പിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ജപ്പാനിലെ ഷിമേൻ പ്രവിശ്യയിൽ, ദ്വീപിന്റെ പേരിൽ ' ടക്കേഷിമ ഡേ " എന്ന സർക്കാർ പരിപാടി നടത്തിയത് ദക്ഷിണ കൊറിയയെ ചൊടിപ്പിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360