
വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് വാഗ്ദാനം ചെയ്ത സമ്മാനം യു.എസിൽ പറന്നെത്തി. പിംഗ് പിംഗും കൂട്ടുകാരി ഫു ഷുവാങ്ങും. ജയന്റ് പാണ്ടകളാണ് രണ്ടു പേരും. 2020ൽ ചൈനയിലെ ചെംഗ്ഡു റിസേർച് ബേസിൽ ജനിച്ച ഇരുവരും ഇനി യു.എസിലെ അറ്റ്‌ലാന്റ മൃഗശാലയിലെ വി.ഐ.പികളാണ്.
വരുന്ന പത്ത് വർഷം ഇരുവരും അറ്റ്‌ലാന്റയിലുണ്ടാകും. ശേഷം ചൈനയിലേക്ക്. 16 മണിക്കൂർ നീണ്ട ബോയിംഗ് വിമാന യാത്രയ്ക്കൊടുവിൽ ഇന്നലെ രാവിലെ അറ്റ്‌ലാന്റയിലെത്തിച്ച ഇരുവരെയും പൊലീസ് വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ മൃഗശാലയിൽ സുരക്ഷിതമായി എത്തിച്ചു.
പിംഗ് പിംഗിനെയും ഫു ഷുവാങ്ങിനെയും സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ് മൃഗശാലയിൽ ഒരുക്കിയത്. പരിചയ സമ്പന്നരുടെ കെയർ ടീമും കഴിക്കാൻ ധാരാളം മുളയുമുണ്ട്. ഒരു മാസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ഇരുവരെയും സന്ദർശകർക്ക് കാണാം. മൃഗശാല അധികൃതരെ സഹായിക്കാൻ ഡോക്ടർമാർ അടങ്ങുന്ന ചൈനീസ് സംഘവും എത്തിയിട്ടുണ്ട്.
സൗഹൃദത്തിന്റെ
അടയാളം
കഴിഞ്ഞ ആഴ്ച യു.എസിലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് പാണ്ടകൾ ഉടനെത്തുമെന്ന വിവരം ഷീ പ്രഖ്യാപിച്ചത്. ചൈനയിൽ മാത്രം സ്വാഭാവികമായി കാണപ്പെടുന്ന ജീവികളാണ് പാണ്ടകൾ. സൗഹൃദത്തിന്റെ അടയാളമായി ചൈന മറ്റ് രാജ്യങ്ങൾക്ക് പാണ്ടകളെ നിശ്ചിത കാലത്തേക്ക് പാട്ടത്തിന് നൽകുന്നു. യു.എസിൽ വാഷിംഗ്ടൺ ഡി.സി, സാൻ ഡിയാഗോ മൃഗശാലകളിലും നിലവിൽ ചൈനീസ് പൗണ്ടകളുണ്ട്. അറ്റ്ലാന്റ മൃഗശാലയിൽ 1999 മുതൽ 2024 വരെ ചൈനീസ് പാണ്ടകളുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |