നഗോയ (ജപ്പാൻ): നഗോയ ഏഷ്യൻ ഗെയിംസ് ലോംഗ് ജമ്പ് മത്സരത്തിനിടെ പരിക്കേറ്റെങ്കിലും വെള്ളിത്തിളക്കത്തിൽ മലയാളി താരം എം.ശ്രീശങ്കർ. സുവർണ പ്രതീക്ഷയോടെയാണ് ശ്രീശങ്കർ ഇന്നലെ ലോംഗ് ജമ്പ് പിറ്റിലിറങ്ങിയത്. ശ്വാസമടക്കി കാത്തിരിക്കുകയായിരുന്നു കായിക പ്രേമികൾ. പിരിമുറുക്കത്തിന്റെ നിമിഷങ്ങളിൽ അമ്മ ഇ.എസ്.ബിജിമോൾ പ്രാർത്ഥനയോടെ പാലക്കാട്ടെ വീട്ടിൽ ടിവിയിൽ കണ്ണും നട്ടിരിപ്പായിരുന്നു.
ആദ്യശ്രമത്തിൽ 7.66 മീറ്റർ. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ. മൂന്നാം ശ്രമത്തിൽ 7.56 മീറ്റർ. നാലാംശ്രമത്തിനായി കുതിച്ചുയരുമ്പോൾ ടേക്കോഫ് ബോർഡിൽ വഴുതി പിറ്റിലേക്ക് വീണു പരിക്കേറ്റു. ഇതോടെ അവസാന രണ്ട് ശ്രമങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു ശ്രീശങ്കറിന്. ചൈനീസ് താരം യുഹാവോ ഷീയുടെ രണ്ടാം ചാട്ടം 8.17 മീറ്റർ പിന്നിട്ടതോടെ സ്വർണപ്രതീക്ഷ അസ്തമിച്ചു. എങ്കിലും, വെള്ളിയിലൂടെ കേരളത്തിനും രാജ്യത്തിനും ശ്രീശങ്കർ അഭിമാന താരമായി.
കടുത്ത വേദനയിലും അവസാന ജമ്പുകളിൽ തന്നെ ആരെങ്കിലും മറികടക്കുന്നുണ്ടോയെന്ന് പിറ്റിന് സമീപമിരുന്ന് ആകാംക്ഷയോടെ നോക്കിയിരുന്നു ശ്രീശങ്കർ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ശ്രീശങ്കർ വെള്ളി നേടിയിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്കു ശേഷമേ പരിക്കിന്റെ ഗൗരവം വ്യക്തമാകൂവെന്ന് നഗോയയിൽ ശ്രീശങ്കറിന് ഒപ്പമുള്ള പരിശീലകൻ കൂടിയായ പിതാവ് മുരളി പറഞ്ഞു.
വില്ലനായി മഴ
ജപ്പാനിൽ ദിവസങ്ങളായി തുടരുന്ന മഴയാണ് വിനയായത്. മഴ നനഞ്ഞിരുന്ന ടേക്കോഫ് ബോർഡിൽ വേണ്ടത്ര ഗ്രിപ്പ് കിട്ടാത്തതിനാലാണ് ശ്രീശങ്കർ തെന്നിവീണത്. കഴിഞ്ഞദിവസം ഹർഡിൽസ് താരം ജ്യോതി യരാജി, ട്രിപ്പിൾ ജമ്പർ പ്രവീൺ ചിത്രവേൽ എന്നിവർക്കും പരിക്കേറ്റിരുന്നു.
വിഷമമുണ്ടെങ്കിലും
അഭിമാനം
മത്സരത്തിനിടെയുണ്ടായ പരിക്കിൽ വിഷമമുണ്ട്. പരിക്കേറ്റില്ലായിരുന്നെങ്കിൽ ഉറപ്പായും സ്വർണം നേടുമായിരുന്നുവെന്നും മുൻ കായികതാരം കൂടിയായ അമ്മ ഇ.എസ്.ബിജിമോൾ പറഞ്ഞു. 8.30 മീറ്ററിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷിച്ചത്. വെള്ളി നേടിയതിൽ വലിയ സന്തോഷം. വി.കെ.ശ്രീകണ്ഠൻ എം.പിയും ബന്ധുക്കളും നാട്ടുകാരുമടക്കം ഇന്നലെ ശ്രീശങ്കറിന്റെ പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയിരുന്നു.
ഇന്ത്യയ്ക്ക് ഇന്നലെ 8 മെഡൽ
1. അത്‌ലറ്റിക്സിൽ ഗുൽവീർ സിംഗ് (1500 മീറ്റർ),യശ്‌വീർ സിംഗ് (ജാവലിൻ ത്രോ) എന്നിവർക്ക് വെള്ളി
2. 400 മീറ്ററിൽ പി.ടി.ഉഷയുടെ റെക്കാഡ് തകർത്ത വിദ്യ രാംരാജിന് വെങ്കലം
3. 5000 മീറ്ററിൽ പരുൾ ചൗധരിക്കും ജാവലിനിൽ രോഹിത് യാദവിനും വെങ്കലം
4. ഷൂട്ടിംഗിൽ ഇഷ സിംഗിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്ക്ക് വെങ്കലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |