
കിൻഷസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള വൈറസ് വ്യാപനത്തിനെതിരെ റേഡിയോ പരിപാടിയിലൂടെ അവബോധം വളർത്താൻ ശ്രമിച്ച രാഷ്ട്രീയ നേതാവിനെ മർദ്ദിച്ചു കൊന്നെന്ന് റിപ്പോർട്ട്. എബോള ഹോട്ട് സ്പോട്ടായ നോർത്ത് കിവു പ്രവിശ്യയിലെ ബൂട്ടെംബോയിൽ ഞായറാഴ്ചയായിരുന്നു സംഭവം.
ഭരണകക്ഷിയായ യു.ഡി.പി.എസ് പാർട്ടിയുടെ ഫെഡറൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റും പാർട്ടി വക്താവുമായ മേരി സെലസ്റ്റിൻ കരോണ്ട്വയാണ് ആക്രമിക്കപ്പെട്ടത്. എബോള പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട റേഡിയോ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ, സ്വന്തം നാട്ടുകാരാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് പാർട്ടി അറിയിച്ചു.
വീട്ടീൽ കടന്ന അക്രമികൾ അദ്ദേഹത്തെ മർദ്ദിക്കുകയും, സാധനങ്ങൾ കൊള്ളയടിക്കുകയും, വീടിന് തീയിടുകയും ചെയ്തു. അക്രമികൾ ആരാണെന്നോ എത്രപേർ ഉണ്ടായിരുന്നെന്നോ വ്യക്തമല്ല. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമാണോ എന്നതിലും വ്യക്തതയില്ല.
എന്നാൽ എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിനെ പ്രതിരോധിച്ചതിനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന വാദത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. എബോള പ്രതിരോധ സംഘങ്ങൾക്ക് നേരെ രാജ്യത്ത് ആക്രമണങ്ങൾ തുടർക്കഥയാണ്.
ശനിയാഴ്ച സമീപ പ്രദേശമായ ബെനിയിൽ എബോള പ്രതിരോധ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ 8,060 ലേറെ പേർക്കാണ് രോഗം ബാധിച്ചത്. 3,901 പേർ മരിച്ചു. ഏപ്രിൽ പകുതിയോടെ കിഴക്കൻ കോംഗോയിലെ ഇട്ടൂരി പ്രവിശ്യയിലാണ് വൈറസ് വ്യാപനം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |