
വാഷിംഗ്ടൺ: സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ നിർണായക പരീക്ഷണ വിക്ഷേപണം വിജയം. ഭൂമിയെ വലംവയ്ക്കാനുള്ള സ്റ്റാർഷിപ്പിന്റെ ആദ്യ പരീക്ഷണ പറക്കലാണിത് (ആദ്യ ഓർബിറ്റൽ ഫ്ലൈറ്റ്). ടെക്‌സസിലെ സ്റ്റാർ ബേസിൽ നിന്ന് ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 6.16നായിരുന്നു വിക്ഷേപണം. ഭൂമിയ്ക്ക് ചുറ്റും പറന്ന പേടകം രാത്രി 9.24ന് ചിലിയ്ക്ക് പടിഞ്ഞാറ് പസഫിക് സമുദ്രത്തിൽ ലാൻഡ് ചെയ്തു. പത്ത് മണിക്കൂർ കൊണ്ട് ഭൂമിയെ ആറ് തവണ വലംവയ്ക്കാനായിരുന്നു പദ്ധതി. എന്നാൽ എൻജിനുകളിൽ ഒന്നിന്റെ തകരാർ പരിഗണിച്ച് ദൗത്യം വെട്ടിച്ചുരുക്കി.
സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് പേടകം (അപ്പർ സ്റ്റേജ്) എന്നീ ഭാഗങ്ങൾ ചേർന്നതാണ് സ്റ്റാർഷിപ്പ് റോക്കറ്റ് സംവിധാനം. വിക്ഷേപണത്തിന് മൂന്ന് മിനിറ്റിനുള്ളിൽ സ്റ്റാർഷിപ്പ് പേടകത്തിൽ നിന്ന് വേർപെട്ട ബൂസ്റ്റർ ഗൾഫ് ഒഫ് മെക്സിക്കോയിൽ പതിച്ചിരുന്നു. തുടർന്ന് പേടകം ഭൂമിയിൽ നിന്ന് 275 കിലോമീറ്റർ ഉയരത്തിലെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. 26 സ്റ്റാർലിങ്ക് വി - 3 ഹൈ സ്പീഡ് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെയും വിന്യസിച്ചു.
ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്പ്. സ്റ്റാർഷിപ്പിന്റെ പതിനാലാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇന്നലെ. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും സാദ്ധ്യമെങ്കിൽ അതിനപ്പുറത്തേക്കും മനുഷ്യരെ എത്തിക്കുകയാണ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സംരംഭമായ സ്റ്റാർഷിപ്പിന്റെ ലക്ഷ്യം. ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റൊരു കോണിലേക്കുള്ള യാത്രയും 397 അടി ഉയരമുള്ള സ്റ്റാർഷിപ്പ് ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |