
സിംഗപ്പൂർ: സിംഗപ്പൂരിൽ വിനോദ സഞ്ചാര കേന്ദ്രമായ തടാകത്തിൽ മുതല ഉണ്ടെന്ന് കാണിക്കുന്ന തരത്തിൽ എ.ഐ ഉപയോഗിച്ച് വ്യാജ ചിത്രം നിർമ്മിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. യേ ലിൻ എന്നയാൾക്കെതിരെയാണ് കേസ്. വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനും, നിയമനടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിനും കുറ്റം ചുമത്തി. അന്വേഷണത്തിനിടെ ചിത്രവും അത് നിർമ്മിക്കാൻ ഉപയോഗിച്ച ആപ്ലിക്കേഷനും ഇയാൾ ഡിലീറ്റ് ചെയ്തിരുന്നു.
പാൻഡൻ തടാകത്തിൽ മുതലയെ കണ്ടെന്ന വിവരം പ്രചരിച്ചതിനെ തുടർന്ന് ആഗസ്റ്റ് 20ന് ദേശീയ ജല ഏജൻസി ഉദ്യോഗസ്ഥരും നാഷണൽ പാർക്ക് ജീവനക്കാരും പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. മുതലയെ പിടികൂടാനുള്ള ശ്രമങ്ങളും നടത്തി. സിംഗപ്പൂർ റോവിംഗ് അസോസിയേഷനോടും സിംഗപ്പൂർ കാനോ ഫെഡറേഷനോടും തടാകത്തിലെ അവരുടെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
എന്നാൽ തൊട്ടടുത്ത ദിവസം, മുതലയുടെ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കേസ് നവംബറിൽ വീണ്ടും കോടതി പരിഗണിക്കും. യേ ലിൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ തടവുശിക്ഷയും വലിയ തുക പിഴയും ലഭിച്ചേക്കാം. സിംഗപ്പൂരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടവോ, 10,000 സിംഗപ്പൂർ ഡോളർ (7,51,037 രൂപ) വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. നിയമനടപടികൾ തടസപ്പെടുത്തുന്നതിന് ഏഴ് വർഷം വരെ തടവോ, പിഴയോ ശിക്ഷ ലഭിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |