
കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 512 കിലോ രക്തചന്ദനം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) പിടിച്ചെടുത്തു. റബർ കോർ വെനീർ എന്ന പേരിൽ ചൈനയിലേക്ക് അയയ്‌ക്കാൻ എത്തിച്ച കണ്ടെയ്‌നറിൽ നിന്നാണ് രക്തചന്ദനം ഡി.ആർ.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. റബർ കോർ വെനീർ പാളികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 16 രക്തചന്ദനത്തടികൾ പരിശോധനയിൽ കണ്ടെടുത്തു. രക്തചന്ദനവും മറയായി ഉപയോഗിച്ച ചരക്കുകളും പിടിച്ചെടുത്തു. കയറ്റുമതി ഏജൻസി, രക്തചന്ദനത്തിന്റെ ഉറവിടം എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഐ അധികൃതർ അറിയിച്ചു.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെയും സസ്യങ്ങളുടെയും വ്യാപാര നിയന്ത്രണത്തിനുള്ള രാജ്യാന്തര കരാറിലെ അനുച്ഛേദം രണ്ടിലും, 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ നാലിലും ഉൾപ്പെട്ടതാണ് രക്തചന്ദനം. വിദേശ വ്യാപാര നയപ്രകാരം രക്തചന്ദനത്തിന്റെ കയറ്റുമതി നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു വർഷം, 80
കോടിയുടെ വേട്ട
കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ ഡി.ആർ.ഐ കൊച്ചി യൂണിറ്റ്, കേരളത്തിൽ നിന്ന് മയക്കുമരുന്ന്, സ്വർണം, വന്യജീവി ഉത്പന്നങ്ങൾ, വിദേശത്തുനിന്ന് കടത്തിയ വസ്തുക്കൾ, വ്യാജ സിഗരറ്റുകൾ എന്നിവയുൾപ്പെടെ 80 കോടി രൂപ വിലമതിക്കുന്ന നിരോധിത വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |