
കൊച്ചി: ജോലിയിൽ നിന്ന് പിരിച്ചുവിട്ട വിരോധത്താൽ മാനേജരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിലെ ഗുപ്താജി ഹെൽത്ത് കെയർ സ്റ്റോറിലെ ഗോഡൗൺ സ്റ്റോർ കീപ്പറായിരുന്ന കൊല്ലം നെടിയറ വിജയവിലാസത്തിൽ മോനിഷി (44)നെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് 5.40നാണ് കെയർസ്റ്റോർ മാനേജർ ആലപ്പുഴ മാവേലിക്കര കറ്റാനം കൈതവൻ വടക്കതിൽ കെ.ബി. രമണന് (26) കുത്തേറ്റത്. കഴുത്തിനും മുഖത്തും മുറിവേറ്റ് എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ ജോലിക്കെത്തിയപ്പോൾ മോനിഷിനെ ജോലിയിൽ നിന്ന് പിരിച്ചുള്ള ഉത്തരവ് മാനേജർ നൽകിയിരുന്നു. പുറത്തുപോയ പ്രതി വൈകിട്ട് സ്ഥാപനത്തിലെത്തി ഹെൽമറ്റ് ഉപയോഗിച്ച് രമണനെ അടിച്ചിട്ട ശേഷം കത്തി കൊണ്ട് കുത്തി. മറ്റ് ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പ്രതി കൂടുതൽ അക്രമാസക്തനായി. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാളുടെ വലതു കൈയ്ക്ക് പരിക്കേറ്റു. പാലാരിവട്ടം പൊലീസ് എത്തിയാണ് കസ്റ്റഡിയിൽ എടുക്കുന്നതു വരെ ഇയാളെ സ്ഥാപനത്തിൽ തടഞ്ഞുവച്ചു. സ്വഭാവദൂഷ്യത്തിന്റെ പേരിലാണ് പിരിച്ചുവിട്ടതെന്ന് മാനേജർ പറയുന്നു. രമണൻ മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചെന്നാണ് പ്രതിയുടെ ആരോപണം. വധശ്രമത്തിനാണ് കേസ്. പാലാരിവട്ടം എസ്.എച്ച്.ഒ അനൂപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |