
മാന്നാർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറത്ത് ക്ഷേത്രോത്സവത്തിനിടയിൽ പൊലീസിന് നേരെ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണം, പൊലീസുകാരന് പരിക്കേറ്റു. പൊലീസ് വാഹനത്തിനും കേടുപാടുണ്ടായി. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം കൊട്ടാരത്തിൽ പീടികയിൽ അഭിജിത്തിനെയാണ് കസ്റ്റഡിയിൽ എടുത്തത്. കെട്ടുകാഴ്ചകൾക്ക് ശേഷം രാത്രി 10.30യോടുകൂടി സ്ഥലത്ത് അടികലശൽ കൂടിയ ഏതാനും ചെറുപ്പക്കാരെ സ്ഥലത്ത് നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൂട്ടത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ കൈയിലെ കഞ്ചാവ് പൊതി പൊലീസിൻറ ശ്രദ്ധയിൽപ്പെട്ടത്. ഇയാളെ പൊലീസ് ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഒരു സംഘം ആളുകൾ തടസം സൃഷ്ടിക്കുകയും പൊലീസിനെതിരെ തിരിയുകയുമായിരുന്നു. മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പി.എം. വിനീതിനെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു. കൂടാതെ മാന്നാർ സ്റ്റേഷനിലെ വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. പരിക്കേറ്റ വിനീത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. പൊലീസ് കേസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |