
കൊച്ചി: ഭുവനേശ്വറിൽനിന്ന് ബംഗളൂരുവഴി കൊച്ചിയിലേക്ക് ട്രെയിനിൽ കടത്തിയ 10.386 കിലോ നാടൻകഞ്ചാവുമായി യുവതിയുൾപ്പെടെ മൂന്നുപേരെ ഡാൻസാഫ് അറസ്റ്റുചെയ്തു, ഇന്നലെ പുലർച്ചെ 5ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ കഞ്ചാവ് കൈമാറുന്നതിനിടെയാണ് പിടിയിലായത്.
കഞ്ചാവുമായി ട്രെയിനിൽ എത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് റാണിന സ്വദേശി പാർഥാഘോഷ് (48), കൊൽക്കത്ത ടാഗോർകാസിൽ സ്ട്രീറ്റിൽ ഡോള ഹൽദാർ (38), കഞ്ചാവ് വാങ്ങാൻ കാത്തുനിന്ന ബർദമാൻ സ്വദേശി ബികാർ കർമാക്കർ ((35) എന്നിവരെയാണ് കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പ്രതികളിൽനിന്ന് മൊബൈൽഫോണുകളും എ.ടി.എം കാർഡുകളും ഉൾപ്പെടെ പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെ സൗത്ത് സ്റ്റേഷനിലെത്തിയ മൈസൂർ-കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലായിരുന്നു കഞ്ചാവ് കടത്ത്. പാർഥാഘോഷും ഡോള ഹർദാറും ഭുവനേശ്വറിൽനിന്ന് ബംഗളൂരുവിൽ കഞ്ചാവുമായി എത്തി അവിടെനിന്ന് കൊച്ചുവേളി എക്സ്‌പ്രസിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു. ട്രോളി ബാഗിലാണ് ഭദ്രമായി ഒളിപ്പിച്ചിരുന്നത്. കാക്കനാട് ഭാഗത്ത് അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളെന്ന വ്യാജേനയാണ് താമസം. കൊച്ചിയിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിവന്ന ഇവരുടെ നീക്കങ്ങൾ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബികാർ കർമാക്കർക്ക് വേണ്ടിയാണ് ഇത്തവണ കടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |