
മലയിൻകീഴ്: മലയിൻകീഴ് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽക്കയറി വധഭീഷണി മുഴക്കുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. മാറനല്ലൂർ അന്തിയൂർക്കോണം കുന്നുംപുറം എം.ആർ.സദനത്തിൽ എം.ഹേമന്ദി(32)നെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തത്. അണപ്പാട് ബി.ജെ.പി വാർഡ് അംഗം ചന്ദ്രലേഖയുടെ കുന്നുംപാറ കുഴുമം (അശ്വതിഭവൻ) വീട്ടിലാണ് കഴിഞ്ഞ ഞായറാഴ്ച മൂന്നംഗ സംഘം അതിക്രമിച്ച് കയറിയത്. ചന്ദ്രലേഖയുടെ കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തുകയും വസ്ത്രം വാൾകൊണ്ട് കീറുകയും ചെയ്തു. നിലവിളിച്ചപ്പോൾ സംഘം പുറത്തിറങ്ങി വീടിന്റെ ജനൽ ഗ്ലാസ് അടിച്ച് തകർത്തു. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന തർക്കമാണ് ആക്രമണത്തിന് കാരണം. പതിമൂന്നിലേറെ കേസുകളിൽ പ്രതിയായ ഹേമന്ദിനെ മലയിൻകീഴ് എസ്.എച്ച്.ഒ. രാകേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ശാന്തുംമൂലയിൽ നിന്ന് ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു. 2022ൽ കാപ്പ കേസിൽ ഹേമന്ദ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിലെ കേസിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ വീണ്ടും കാപ്പചുമത്തുമെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മലയിൻകീഴ് മേപ്പൂക്കട മൈലോട് അമ്പലത്തറയ്ക്കൽ പുത്തൻവീട്ടിൽ വി.പ്രമോദിനെ(36)കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |