
തൃശൂർ: തനിച്ചു താമസിക്കുന്ന മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കൊച്ചുമകന് ജീവപര്യന്തം തടവിനും, പുറമേ 12 വർഷം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷ. കടലാശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ ഗോകുൽ എന്ന കണ്ണനെയാണ് (36) തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.കമനീസ് ശിക്ഷ വിധിച്ചത്. വല്ലച്ചിറ കടലാശ്ശേരിയിൽ 2022 ഫെബ്രുവരി 25നായിരുന്നു സംഭവം. ഊമ്മൻപിള്ളി വീട്ടിൽ വേലായുധൻ ഭാര്യ കൗസല്യയെയാണ് (78) പ്രതി കൊലപ്പെടുത്തിയത്. മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മുത്തശ്ശിയുടെ സ്വർണ്ണാഭരണങ്ങൾ കവരാനായി ഗോകുലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.
ചേർപ്പ് എ.എസ്.ഐ: സിന്ധുവാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ചേർപ്പ് സി.ഐ: ടി.വി.ഷിബുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ ദിലീപ്, എ.എസ്.ഐ സരസപ്പൻ എന്നിവരുമുണ്ടായിരുന്നു. പൊലീസ് ലെയ്‌സൺ ഓഫീസർ അജീഷ് കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. 24 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുകയും, 39 രേഖകളും, 22 മുതലുകളും ഹാജരാക്കുകയും ചെയ്തു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയായിരുന്നു വാദം. ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.പി.അജയ് കുമാർ പ്രോസിക്യൂഷനായി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |