
കൊച്ചി: കുംഭമേള വൈറൽ താരമായ പെൺകുട്ടി തന്റെ ആദ്യസിനിമയുടെ സംവിധായകൻ യു.പി സ്വദേശി സനോജ് മിശ്രയ്ക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. 2025ൽ 'ദ് ഡയറി ഒഫ് മണിപ്പൂർ" എന്ന സിനിമയുടെ ലൊക്കേഷനിൽവച്ച് ഒന്നിലധികംതവണ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചുവെന്നാണ് ആരോപണം. അന്ന് തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
കേസിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കൊച്ചി പൊലീസ്, തുടരന്വേഷണത്തിനായി മദ്ധ്യപ്രദേശ് പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് എറണാകുളം മജിസ്ട്രേട്ട് കോടതി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.
ചലച്ചിത്ര പ്രവർത്തകനായ ഫർമാൻ ഖാനുമായുള്ള വിവാഹശേഷം സനോജ് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും മദ്ധ്യപ്രദേശിലെ കേസുകൾക്കു പിന്നിൽ ഇയാളാണെന്നും പെൺകുട്ടി ആരോപിച്ചിട്ടുണ്ട്. ലൗ ജിഹാദ് ആരോപിച്ചുള്ള അധിക്ഷേപ പോസ്റ്റുകളുടെ പേരിൽ വി.എച്ച്.പി നേതാവ് അനിൽ വിളയിൽ ഉൾപ്പെടെ മറ്റ് നാലു പേർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്.
ഈ വർഷമാദ്യം തിരുവനന്തപുരത്ത് വച്ചാണ് പെൺകുട്ടിയും ഫർമാനും വിവാഹിതരായത്. ശൈശവ വിവാഹമാണെന്ന ആരോപണത്തിൽ മദ്ധ്യപ്രദേശ് പൊലീസ് കേസെടുത്ത് കൊച്ചിയിലടക്കം അന്വേഷണം നടത്തിയിരുന്നു. അന്ന് ഒളിവിൽപ്പോയ പെൺകുട്ടി മദ്ധ്യപ്രദേശ് പൊലീസ് മടങ്ങിയതിനു ശേഷമാണ് പുറത്തുവന്നത്. എഫ്.ഐ.ആറിന്റെ പകർപ്പ് എറണാകുളം പോക്സോ കോടതിക്ക് കൈമാറിയിട്ടുണ്ട്. കോടതിയുടെ തുടർനിർദ്ദേശങ്ങൾ മദ്ധ്യപ്രദേശ് പൊലീസിനായിരിക്കും കൈമാറുക. വിവാഹിതയായപ്പോൾ 18 വയസ് തികഞ്ഞിരുന്നുവെന്നാണ് പെൺകുട്ടിയുടെ വാദം. ദമ്പതികളുടെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |