കൊച്ചി: വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്ത ഭാര്യയെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെയാണ് കേസ്. വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക വഞ്ചന, മാനസിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
ഹോട്ടൽ മാനേജ്‌മെന്റ് ബിരുദധാരിയെന്ന് മാട്രിമോണിയൽ വെബ്‌സൈറ്റിൽ നൽകിയ പരസ്യം കണ്ടാണ് ഓസ്‌ട്രേലിയയിൽ നഴ്സായി ജോലി ചെയ്യുന്ന യുവതിയുടെ കുടുംബം യുവാവുമായി ബന്ധപ്പെടുന്നത്. തുടർന്ന് കാക്കനാട്ടെ ഹോട്ടലിൽ വച്ച് ഇരുവരും നേരിട്ട് കണ്ടു. 2023 സെപ്തംബറിൽ രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹം നടന്നു. പിന്നാലെ യുവതിയുടെ 23.5 പവൻ സ്വർണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാമെന്ന് പറഞ്ഞ് കൈക്കലാക്കി.
ഓസ്‌ട്രേലിയയിൽ തിരിച്ചെത്തിയ യുവതി, അടുത്തിടെ ഭർത്താവിനെ ഒപ്പം കൊണ്ടുപോകുന്നതിനായി പി.ആർ നടപടികൾ ആരംഭിച്ചു. ഇതിനായി വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ യുവതി ചതി മനസിലാക്കി ഭർത്താവിനോടും കുടുംബത്തോടും വിശദീകരണം തേടി. ഇതോടെ പ്രതികൾ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞു.
കൈക്കലാക്കിയ സ്വർണം തിരികെ ചോദിച്ചതോടെയാണ് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും ബന്ധുക്കൾക്കിടയിൽ വ്യാജപ്രചാരണം നടത്തി കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |