
കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ പരാതിക്കാരിയുടെ കത്തിൽ നാലുപേജുകൾ കൂട്ടിച്ചേർത്തതിന് സാക്ഷികളാണെന്ന് നാലുപേർ കോടതി മുമ്പാകെ മൊഴി നൽകി. കുന്നിക്കോട് അനീഷ് മൻസിലിൽ എച്ച്.അനീഷ് ഖാൻ, തലവൂർ മാങ്കാല വാഴോട്ട് പുത്തൻവീട്ടിൽ സി.സൂര്യനാഥ്, ശാസ്താംകോട്ട മനക്കര ബെയ്ത് ഹിബയിൽ എ.റഷീദ്, പിടവൂർ അഞ്ജനത്തിൽ ജി.രാധാമോഹൻ എന്നിവരാണ് കൊട്ടാരക്കര ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇ.ആർ.അർജുൻ രാജിന് മുന്നിൽ മൊഴി നൽകിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ പീഡന കേസിലെ പരാതിക്കാരി എഴുതിയ 21 പേജുള്ള കത്തിൽ നാലുപേജുകളാണ് കൂട്ടിച്ചേർത്തത്. ഇതിന്റെ ഗൂഢാലോചനയ്ക്ക് തങ്ങൾ സാക്ഷികളാണെന്നാണ് ഇവർ മൊഴി നൽകിയത്. 2025 മെയിൽ ഒരു ദിവസം ഉച്ചയോടെ എം.സി റോഡിൽ കൊട്ടാരക്കര പെന്തക്കോസ്ത് ജംഗഷനിൽ നിറുത്തിയിട്ടിരുന്ന കാറിലേക്ക് മുൻ മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജ് ഒരു കവറുമായി കയറുന്നത് കണ്ടെന്നാണ് അനീഷ് ഖാനും സൂര്യനാഥും മൊഴി നൽകി. സാക്ഷി മൊഴികൾ കൂടിവന്നതോടെ സോളാർ ഗൂഢാലോചന കേസ് കൂടുതൽ സങ്കീർണമാവുകയാണ്. നേരത്തെ കോൺഗ്രസ് നേതാക്കളായ മുൻമന്ത്രി കെ.സി.ജോസഫും ബെന്നി ബഹനാൻ എം.പിയും കൊട്ടാരക്കര ജുഡിഷ്യൻ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി മൊഴി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |