
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പൂട്ടിക്കിടക്കുന്ന ഹോട്ടലിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ആലപ്പുഴ അരൂർ കാട്ടിത്തറ വീട്ടിൽ സഞ്ജയ് ഉല്ലാസിനെ (25) കാപ്പ ചുമത്തി ഒരു കൊല്ലത്തേക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു. കേസിൽ ഇയാളുൾപ്പെടെ മൂന്നു പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
മേയ് 5ന് രാത്രി ആൺ സുഹൃത്തിനൊപ്പം ഹോട്ടലിന്റെ മുകൾ നിലയിലെത്തിയ യുവതിയെ കത്തിമുനയിൽ നിർത്തിയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. സുഹൃത്തിന്റെ സഹായത്തോടെ ചെറുത്ത നിന്ന യുവതി വിവസ്ത്രയായി ഓടിയിറങ്ങി രക്ഷപ്പെട്ട സംഭവം വിവാദമായിരുന്നു.
സഞ്ജയ് ഉല്ലാസാണ് അക്രമത്തിന് നേതൃത്വം നൽകിയത്. മറ്റ് പ്രതികളായ ഡാനിഷും രാഹുലും മുഖ്യപ്രതിയെ സഹായിച്ചു.
സെൻട്രൽ പൊലീസ് സ്റ്റേഷനിലും ആലപ്പുഴ ജില്ലയിലെ അരൂർ, പട്ടണക്കാട് പൊലീസ് സ്റ്റേഷനുകളിലും കൊലപാതകം, നരഹത്യാശ്രമം, സ്ത്രീകൾക്ക് എതിരായ അതിക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സഞ്ജയ്. യുവതിയെ ആക്രമിച്ച കേസിൽ ജില്ലാ ജയിലിൽ കഴിയവെയാണ് കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |