SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

കോഴിക്കോട്ടെ ലഹരി കച്ചവടത്തിലെ കൂടുതൽ കണ്ണികൾ പിടിയിലാകും

aa

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ പ്രതി കുണ്ടുപറമ്പ് സ്വദേശി സാഖേഷ് പിടിയിലായതോടെ കോഴിക്കോട്ടെ ലഹരി കച്ചവടത്തെ പറ്റി കൂടുതൽ വിവരം കിട്ടുമെന്ന പ്രതീക്ഷയിൽ പൊലീസ്. സാഖേഷിന്റെ ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടി എലത്തൂർ പൊലീസിലെത്തി നൽകിയ വിവരമാണ് കേസിൽ വഴിത്തിരിവായത്.

കൂടുതൽ പെൺകുട്ടികൾ ഇരകളായിട്ടുണ്ടോ എന്നും അന്വേഷിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതി സിം കാർഡുകളും വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും നിരന്തരം മാറ്റി. വൈഫൈ ഡോങ്കിൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമായിരും മറ്റ് സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നത്. കൂടുതൽ സമയവും കാറിൽ യാത്ര ചെയ്തു. താമസസ്ഥലവും മാറ്റിക്കൊണ്ടിരുന്നു.

കുണ്ടുപറമ്പിൽ മയക്കുമരുന്ന് കൈവശംവെച്ച കേസിൽ ഇയാളുടെ പങ്കാളിയെയും, ആർ.ജെ റസിഡൻസിയിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഹരി ശൃംഖലയിലെ മറ്റ് പങ്കാളികളെയും എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇയാളുടെ അടുത്ത സുഹൃത്തും ലഹരി ഇടപാടിലെ പങ്കാളിയുമായ 'താടിക്കിരൺ' ഉൾപ്പെടെയുള്ളവരെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും അറസ്റ്റ് ചെയ്തതോടെ സാഗഖേഷ് കോഴിക്കോട് സിറ്റിയിൽ നിന്ന് ഒളിത്താവളം മാറ്റി. നൂറുകണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ച് നീക്കങ്ങൾ പിന്തുടർന്നു. കോഴിക്കോട് ടൗൺ എ.സി.പിയായി തിരിച്ചെത്തിയ ടി.പി അഷ്‌റഫിന്റെ നിർദ്ദേശപ്രകാരം 'ഓപ്പറേഷൻ റോളക്‌സ്' എന്ന പേരിൽ എലത്തൂർ പൊലീസും സൈബർ സെല്ലും സംയുക്തമായി അന്വേഷണം ശക്തമാക്കി.

അന്വേഷണം ലോഡ്ജ് നടത്തിപ്പുകാരിലേക്കും

നൂറുകണക്കിന് മൊബൈൽ നമ്പറുകളുടെ കോളുകളും ഡാറ്റാ ഉപയോഗവും പരിശോധിച്ച് പ്രതിയുടെ ഡിജിറ്റൽ നീക്കങ്ങൾ പിന്തുടർന്നാണ് ഒടുവിൽ ഇയാൾ വയനാട്ടിലെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചത്. ആർ.ജെ റസിഡൻസി, കാലിക്കറ്റ് റസിഡൻസി തുടങ്ങിയ സ്ഥാപനനടത്തിപ്പുകാരുമായുള്ള പ്രതിയുടെ ബന്ധം, ഇയാൾക്ക് ലഹരി വസ്തുക്കൾ എത്തിച്ചുനൽകിയിരുന്ന സംഘങ്ങൾ, ഇയാളുടെ ലഹരി ഇടപാട് തുടങ്ങിയവയെ പറ്റി കൂടുതൽ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY