
തൃശൂർ: ഉപഭോക്തൃ കോടതി വിധിപ്രകാരം വീട്ടമ്മയ്ക്ക് നിക്ഷേപത്തുകയും നഷ്ടപരിഹാരവും നൽകാതിരുന്നതിനെത്തുടർന്ന് ഫിനാൻസ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർക്കെതിരെ പൊലീസ് മുഖേന വാറണ്ട് അയക്കാൻ ഉത്തരവ്. തൃശൂർ മാങ്ങാട്ടുകര സ്വദേശിനി ആറ്റുപുറത്ത് വീട്ടിൽ വസന്തലക്ഷ്മി നൽകിയ ഹർജിയിലാണ് തൃശൂർ വെസ്റ്റ് ഫോർട്ടിലെ 'ബ്ലൂ ഹെഡ്ജ് ഫിനാൻസ് ആൻഡ് ഗോൾഡ് ലോൺ' എം.ഡിക്കെതിരെ തൃശൂർ ജില്ലാ ഉപഭോക്തൃ കോടതിയുടെ നടപടി.
നിക്ഷേപിച്ച തുക തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് വസന്തലക്ഷ്മി മുൻപ് സമർപ്പിച്ച പരാതിയിൽ, നിക്ഷേപത്തുകയായ 1,00,000 രൂപയും 9 ശതമാനം പലിശയും 10,000 രൂപ നഷ്ടപരിഹാരവും പരാതിക്കാരിക്ക് ഒരു മാസത്തിനകം നൽകാൻ കോടതി വിധിച്ചിരുന്നു. എന്നാൽ, ഈ ഉത്തരവ് പാലിക്കാൻ എതിർകക്ഷി തയ്യാറായില്ല.
തുടർന്ന്, വിധി നടപ്പാക്കാത്തതിനെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം എതിർകക്ഷിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വസന്തലക്ഷ്മി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് സി.ടി.സാബു, അംഗങ്ങളായ എസ്.ശ്രീജ, ആർ.റാംമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഉപഭോക്തൃ കോടതി ഉത്തരവുകൾ പാലിക്കാത്തപക്ഷം എതിർകക്ഷിക്ക് മൂന്ന് വർഷം വരെ തടവുശിക്ഷയും 10,000 രൂപ വരെ പിഴയും ചുമത്താൻ നിയമപരമായി വ്യവസ്ഥയുണ്ട്. ഹർജിക്കാരിക്കുവേണ്ടി അഡ്വ. എ.ഡി.ബെന്നി ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |