SignIn
Kerala Kaumudi Online
Sunday, 09 August 2026 3.56 AM IST

ഫേസ്ബുക്കിലൂടെ വലവീശിപ്പിടിച്ച് സൈബർതട്ടിപ്പ് സംഘം: വയോധികനുൾപ്പെടെ ലക്ഷങ്ങൾ നഷ്ടമായി

aa

കൊച്ചി: രാജ്യാന്തര ഓൺലൈൻ പ്രൊപ്രൈറ്ററി ട്രേഡിംഗ് ( എഫ്.ടി.എം.ഒ) സ്ഥാപനത്തെയും ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തെയും (എൻ.ബി.എഫ്.സി) മറയാക്കി സൈബർ കുറ്റവാളികൾ തട്ടിയെടുത്തത് 53.20ലക്ഷംരൂപ.

കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന വയോധികനും വാഴക്കാല സ്വദേശിയായ 56 കാരനുമാണ് തട്ടിപ്പിനിരയായത്. രണ്ടിടത്തും ഇരകളെ കാൻവാസ് ചെയ്തത് ഫേസ്ബുക്ക് പേജുകളിലൂടെ.

വയോധികനിൽനിന്ന് ഏഴ് തവണയായി 15.25ലക്ഷംരൂപ കൈക്കലാക്കി. ഫേസ്ബുക്ക് പേജിൽ പരിചയപ്പെട്ട യുവതിയാണ് ഓഹരി ഇടപാടിൽ പണം നിക്ഷേപിച്ച് ഉയർന്ന ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചത്. ബിസിനസ്, ഓഹരി മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അക്കൗണ്ട് ട്രാക്ക് ചെയ്യാനും വിപണിയിലെ ചലനങ്ങൾ മനസിലാക്കാനും സഹായിക്കുന്ന എഫ്.ടി.എം.ഒ ആപ്ളിക്കേഷൻ മൊബൈൽഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും ഇതുവഴി ഓഹരിവിപണി നിരീക്ഷിക്കാമെന്നും യുവതി പറഞ്ഞു. ആപ്പ് ഇൻസ്റ്റാൾ ചെയ്തശേഷം മാർച്ച് 3 മുതൽ ഏപ്രിൽ 21വരെ വയോധികൻ അക്കൗണ്ടുകളിലൂടെ പണം അയച്ചുകൊടുത്തു. ആപ്പ് വഴി ട്രേഡിംഗ് നടത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞ് തൃക്കാക്കര പൊലീസിൽ പരാതിപ്പെട്ടത്.

വാഴക്കാല പ്രിയദർശിനി റോഡിന് സമീപത്തെ 56കാരനാണ് ക്രിപ്റ്റോകറൻസി ഇടപാടിൽ 37.99 ലക്ഷം രൂപ നഷ്ടപ്പെട്ടത്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കൊൽക്കത്തയിലെ ഗ്രീൻക്രെസ്റ്റ് ഫിനാൻഷ്യൽ സർവീസസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് കണ്ടാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ടത്. വാട്സാപ്പ് നമ്പരിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയ നിർദ്ദേശപ്രകാരം ഗ്രീൻക്രെസ്റ്റിന്റെ ക്രിപ്റ്റോ അക്കൗണ്ടുകൾവഴി പണം കൈമാറി. മാസങ്ങൾ കഴിഞ്ഞിട്ടും മുതൽമുടക്കും ലാഭവും കിട്ടാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്.

ഗ്രീൻക്രെസ്റ്റിന്റെ പേരിൽ നൽകിയ ഫേസ്ബുക്ക് പേജും ക്രിപ്റ്റോ അക്കൗണ്ടുകളും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പരാതികളിലും കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBERCRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY