
കൊച്ചി: തിരൂരങ്ങാടിയിൽ സവാളച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച് വൻ തോതിൽ സ്ഫോടകവസ്തുക്കൾ കടത്തിയ കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കർണാടക സ്വദേശികളായ മന്റഗൗഡ് ബിരാദാർ, ബാപ്പഗൗഡ് ചൗധരി എന്നിവരുടെ അപ്പീലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരസിച്ചത്. മുൻകൂർ ജാമ്യഹർജി കൊച്ചി എൻ.ഐ.എ കോടതി തള്ളിയതോടെയാണ് അപ്പീൽ നൽകിയത്. ഫെബ്രുവരി 7നാണ് തിരൂരങ്ങാടിയിലെ ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്ന് 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഡിറ്റണേറ്ററുകളും പൊലീസ് പിടികൂടിയത്. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തു.
സ്ഫോടകവസ്തുക്കൾ വിതരണം ചെയ്യുന്ന 'ചേതൻ എന്റർപ്രൈസസി"ന്റെ ഉടമകളാണ് പ്രതികൾ. ഉറവിടം മറച്ചുവയ്‌ക്കാൻ സ്ഫോടകവസ്തുക്കളുടെ ബാർകോഡ് ലേബലുകൾ നീക്കി ലൈസൻസില്ലാത്തയാൾക്ക് കൈമാറിയെന്നാണ് കേസ്. ഇവ പിടിച്ചെടുത്തെന്ന് അറിഞ്ഞതോടെ വ്യാജ ഇൻവോയ്സും നിർമ്മിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. പ്രതികൾക്കെതിരെയുളള സമാനകേസുകളും കണക്കിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |