
പത്തനംതിട്ട: നഗ്നചിത്രങ്ങൾ ഉപയോഗിച്ച് പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് സമൂഹമാദ്ധ്യമത്തിലൂടെ പെൺകുട്ടി രാജേഷ്കുമാറിനെ പരിചയപ്പെട്ടത്. പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ നിർബന്ധിച്ച് കൈക്കലാക്കിയത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ അറിയുന്നത്. ഫോട്ടോകൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി.
റാന്നി പൊലീസ് പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി പെൺകുട്ടിയുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി സമൂഹമാദ്ധ്യമത്തിൽ മറ്റൊരു അക്കൗണ്ട് തുടങ്ങുകയും അതിലൂടെ ഭീഷണി തുടരുകയും ചെയ്തു. തുടർന്ന് സൈബർസെൽ വഴി നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന രാജേഷ്കുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയതത്.
വീടുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു ഇയാൾ. സമൂഹമാദ്ധ്യമത്തിലുള്ള മറ്റൊരു യുവാവിന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കിയും റീലുകൾ പോസ്റ്റ് ചെയ്തുമാണ് പ്രതി പെൺകുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണിൽ അനവധി പെൺകുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമുള്ളതായി പൊലീസ് കണ്ടെത്തി. കൂടുതൽ പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ സമീപിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു.
ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സിബി, പൊലീസുകാരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |