SignIn
Kerala Kaumudi Online
Sunday, 31 May 2026 3.17 AM IST

യൂണി. നിലവാരമുയർത്താൻ അക്കാഡമിക് സിൻഡിക്കേറ്റ്

college

 രാഷ്ട്രീയ സിൻഡിക്കേറ്റിന് മുകളിൽ

 വി.സി അദ്ധ്യക്ഷൻ, വിദഗ്ദ്ധർ അംഗങ്ങൾ

തിരുവനന്തപുരം: സർവകലാശാലകളിൽ അക്കാഡമിക് കാര്യങ്ങൾ കാര്യക്ഷമമാക്കാൻ പരമോന്നത സമിതിയായി അക്കാഡമിക് സിൻഡിക്കേറ്റുകൾ രൂപീകരിക്കും. സിലബസ്, കരിക്കുലം, കോഴ്സുകൾ, പരീക്ഷകൾ, ഫലപ്രഖ്യാപനം എന്നിവയിൽ തീരുമാനമെടുക്കാനാണ് സംവിധാനം.

സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അക്കാഡമിക് വിദഗ്ദ്ധർ മാത്രമുൾപ്പെട്ട സമിതിയാണിത്. വൈസ്ചാൻസലറായിരിക്കും അദ്ധ്യക്ഷൻ. അക്കാഡമിക് സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ വി.സി നടപ്പാക്കിയശേഷം സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യും. നിയമഭേദഗതി ഉടൻ സഭയിൽ അവതരിപ്പിക്കും.

രാഷ്ട്രീയ അതിപ്രസരമുള്ള നിലവിലെ സിൻഡിക്കേറ്റുകൾ പഠനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നില്ല. നിയമനം, സ്ഥാനക്കയറ്റം, നിർമ്മാണങ്ങൾ, കരാറുകൾ തുടങ്ങി ഭരണപരമായ കാര്യങ്ങളിലാണ് അവർക്ക് താത്പര്യം.

അക്കാഡമിക് കൗൺസിലിനും ബോർഡ് ഒഫ് സ്റ്റഡീസുകൾക്കും മുകളിലാവും അക്കാഡമിക് സിൻഡിക്കേറ്റ്. യു.ഡി.എഫ് നടത്തിയ അക്കാഡമിക് കോൺക്ലേവിൽ ഉരുത്തിരിഞ്ഞ ആശയമാണിത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ഗവർണറുടെ നയപ്രഖ്യാപനത്തിലും ഉൾപ്പെടുത്തി.

കാലിക്കറ്റ് സർവകലാശാലയിൽ 45കോഴ്സുകളിൽ 25ന്റെയും സിലബസ് യു.ജി.സി മാനദണ്ഡപ്രകാരം പരിഷ്കരിച്ചിട്ടില്ലെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. ബി.എ, എൽഎൽ.ബി, ബി.എസ്‌സി, ബി.കോം, എം.കോം, എം.എ, എം.എസ്‌സി കോഴ്സുകളുടെ സിലബസാണ് പരിഷ്കരിക്കാത്തത്. 119 ബോർഡ് ഒഫ് സ്റ്റഡീസുകളിൽ ഒന്നിൽപ്പോലും വ്യവസായികൾ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തിയിട്ടില്ല.

സ്വതന്ത്രസ്വഭാവമുള്ള സമിതിയായിരിക്കും അക്കാഡമിക് സിൻഡിക്കേറ്റ്. സിലബസ് കാലോചിതമായി പരിഷ്കരിക്കൽ, നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി ആധുനികവത്കരണം എന്നിവയ്ക്ക് അക്കാഡമിക് സിൻഡിക്കേറ്റിനെ ചുമതലപ്പെടുത്തും. ഓരോ സർവകലാശാലയിലും ഓരോ വിഷയത്തിനും ചുമതലയുള്ള ബോർഡ് ഒഫ് സ്റ്റഡീസാണ് ഉള്ളടക്കം തീരുമാനിക്കുന്നത്. ഇതിനുള്ള പൊതുമാനദണ്ഡം സിൻഡിക്കേറ്റുകൾ തയ്യാറാക്കും.

തിരഞ്ഞെടുപ്പ് ഒഴിവാക്കും

 തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. സിൻഡിക്കേറ്റ് അംഗങ്ങളെ പൂർണമായും നാമനിർദ്ദേശം ചെയ്യും

 കേരള, കാലിക്കറ്റ് ഒഴികെ സിൻഡിക്കേറ്റുകളിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുകയാണ്

 സെനറ്റിലേക്കും അക്കാഡമിക് കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ അതേപടി തുടരും

ഏകീകൃത സ്വഭാവം കൈവരിക്കാനാണ് അക്കാഡമിക് സിൻഡിക്കേറ്റ്. വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും. സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കും

-റോജി.എം.ജോൺ

ഉന്നതവിദ്യാഭ്യാസ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACADEMICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA