SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

ആയങ്കിയിലൂടെ സ്വർണക്കടത്ത് മാഫിയയെ പൂട്ടാൻ പൊലീസ്

READ ENGLISH VERSION

arjun

കണ്ണൂർ: അർജുൻ ആയങ്കിയിലൂടെ സംസ്ഥാനത്തെ സ്വർണം പൊട്ടിക്കൽ, കടത്ത് മാഫിയകളെ പൂട്ടാൻ പൊലീസ്. ഇയാളെ ചോദ്യം ചെയ്ത്,​ വിപുലമായ അന്വേഷണം നടത്താനാണ് നീക്കം. സൈബർ പൊലീസ് അന്വേഷണത്തിന് ശേഷം ഇതുസംബന്ധിച്ച നടപടികളെടുത്തേക്കും. നിലവിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിലാണ് ആയങ്കി. അതേസമയം,​ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കണ്ണൂർ സൈബർ പൊലീസ് തലശേരി ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് ആവശ്യം. ചോദ്യം ചെയ്യലിനു മുന്നോടിയായി പ്രത്യേക ചോദ്യാവലി തയ്യാറാക്കാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആയങ്കിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ കണ്ടെത്തി തെളിവുകൾ ശേഖരിക്കാനാണ് നീക്കം.
തിങ്കളാഴ്ച അഴീക്കോട് കപ്പക്കടവ് കൊവ്വലൊടിയിലെ ആയങ്കിയുടെ വീട്ടിൽ സൈബർ പൊലീസ് പരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഇയാളുടെ ലാപ്പ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) ചുമത്താനുള്ള നടപടികളും നടക്കുകയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ മുഖേന ജില്ലാ കളക്ടർക്ക് ഈ ആഴ്ചതന്നെ റിപ്പോർട്ട് കൈമാറും. ആയങ്കിക്കെതിരെ ഏറ്റവും കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ വളപട്ടണം പൊലീസായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.

അധിക്ഷേപ പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിനായി ഉപയോഗിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവയാണ് കേസിൽ പൊലീസിന്റെ പ്രധാന തെളിവ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഫോണിലൂടെയാണോ വിവാദ പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് സൈബർ പൊലീസ് വിശദമായി പരിശോധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA