
പാലക്കാട്: ട്രാൻസ്‌ജെൻഡേഴ്സ് ദമ്പതികൾക്ക് മകളുടെ ജനന സർട്ടിഫിക്കറ്റിൽ 'രക്ഷിതാക്കളാകാൻ" വേണ്ടിവന്നത് മൂന്നു വർഷം. ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ മാതാപിതാക്കളായ കോഴിക്കോട് സ്വദേശികളായ സഹദ് ഫാസിലിനും സിയ പാവലിനും 2023 ഫെബ്രുവരി എട്ടിനാണ് മകൾ പിറന്നത്, പേര് സബിയ.
മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ കോളങ്ങൾക്കു പകരം 'രക്ഷിതാക്കൾ" എന്ന് വേണമെന്നായിരുന്നു സഹദിന്റെയും സിയയുടെയും ആവശ്യം. ഇതിനായി ദമ്പതികൾ ഹൈക്കോടതിയെയും സമീപിച്ചു. അനുകൂല ഉത്തരവും നേടി. കഴിഞ്ഞ ദിവസം കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് സബിയയുടെ ജനന സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാവിയിൽ ഏത് ട്രാൻസ്‌ജെൻഡർ ദമ്പതികൾക്കും ഈ നിയമ പരിരക്ഷ ലഭിക്കും.
'രക്ഷിതാക്കളെ" ഉൾപ്പെടുത്തിയത് ഹൈക്കോടതി
പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ആളാണ് സിയ പാവൽ. മറിച്ചായിരുന്നു സഹദിന്റെ ജീവിതം. എന്നാൽ സബിയയുടെ ആദ്യ ജനന സർട്ടിഫിക്കറ്റിൽ സഹദിനെ അമ്മ എന്നും സിയയെ അച്ഛനുമായാണ് രേഖപ്പെടുത്തിയത്. ബയോളജിക്കൽ മാതാവായ സഹദിന്റെയും പിതാവിന്റെ സ്ഥാനത്ത് സിയയുടെയും പേരേ പറ്റൂ എന്നായിരുന്നു ഓദ്യോഗിക മറുപടി. ഇതോടെ സർട്ടിഫിക്കറ്റ് ഇരുവരും കൈപ്പറ്റിയില്ല. കോടതിയെയും സമീപിച്ചു. തുടർന്ന് ഇവർക്കായി ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കൾ എന്ന കോളം കൂടി ഉൾപ്പെടുത്താൻ കഴിഞ്ഞ ജൂണിൽ ഹൈക്കോടതി ഉത്തരവിട്ടത്.
ഇന്ത്യയിൽ ഇനി ട്രാൻസ് കപ്പിളിന് കുട്ടികളുണ്ടായാൽ ബർത്ത് സർട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടും. ഈ സർട്ടിഫിക്കറ്റ് ആദ്യമേ കിട്ടുമായിരുന്നു. പക്ഷേ നിയമമായി എല്ലാവർക്കും ഉപകാരപ്പെടട്ടെ എന്ന് കരുതിയാണ് ഞങ്ങൾ ഹൈക്കോടതിയിൽ പോയത്.
- സഹദ് ഫാസിൽ, സിയ പാവലിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |