SignIn
Kerala Kaumudi Online
Saturday, 27 June 2026 5.36 PM IST

'വരൂ,​ നമുക്ക് വീടുകളിൽ നിന്ന് തുടങ്ങാം' ലഹരിക്കെതിരെ ചെന്നിത്തലയുടെ തുറന്ന കത്ത്

ramesh-chennithala

കേരളം,​ ഇന്ന് ലഹരിമാഫിയയുടെ നീരാളിപ്പിടിത്തത്തിലേക്ക് വഴുതിവീഴുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ഇതിന്റെ ഇരകളായി മാറുന്നു. രാസലഹരിയിൽ മൂല്യബോധം നഷ്ടപ്പെടുന്ന ഇവരിൽ ചിലർ എന്ത് ക്രൂരതയ്ക്കും മടിക്കാത്ത നരാധമൻമാരാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു വിഭാഗം കൗമാരക്കാരിലും ചെറുപ്പക്കാരിലും അക്രമവാസന വല്ലാതെ വർദ്ധിക്കുന്നു. കേരളത്തിലെ വീടുകളിൽ ചോരമണമുയരുന്നു. ലഹരി അവരുടെ ഉള്ളിലെ മനുഷ്യത്വത്തെ കാർന്നുതിന്നുന്നു. ലഹരിമാഫിയയുടെ അടിവേരറുക്കാതെ നമുക്ക് പിടിച്ചുനിൽക്കാനാവില്ല. അതിനായി രാഷ്ട്രീയ, മതഭേദമെന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും പ്രസ്ഥാനങ്ങളും മാദ്ധ്യമ സ്ഥാപനങ്ങളും മതസംഘടനകളും കുടുംബശ്രീകളും വീട്ടമ്മമാരും ചെറുപ്പക്കാരും വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പൊതുപ്രവർത്തകരും ഉണർന്നെഴുന്നേൽക്കണ്ട സമയമായിരിക്കുന്നു. നമ്മൾ രംഗത്തിറങ്ങയേ മതിയാകൂ. ഒരു സപര്യ പോലെ ഈ യജ്ഞം ഏറ്റെടുക്കണം.

സർക്കാരിനും പൊലീസിനും എക്‌സൈസിനുമൊപ്പം പൊതുജനങ്ങൾ കൂടി അണിചേർന്നാലേ നമുക്ക് ലഹരി മാഫിയയെ ചെറുക്കാൻ കഴിയുകയുള്ളൂ. എല്ലാവരും ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കണം. ലഹരി വിൽപ്പനക്കാരെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർക്ക് കൈമാറാനുള്ള ജാഗ്രതാ സമിതികൾ ഗ്രാമങ്ങളിൽ രൂപീകരിക്കണം. സർക്കാർ ഇവർക്കൊപ്പം കൈകോർത്തു പ്രവർത്തിക്കണം.

ലാഭേച്ഛയ്ക്കായി വയലൻസ് കുത്തിനിറച്ച സിനിമകൾ പടച്ചിറക്കുന്ന സിനിമാപ്രവർത്തകർ അടക്കമുള്ളവർ സാമൂഹികപ്രതിബദ്ധതയോടെ ഇത്തരം രംഗങ്ങൾ ഒഴിവാക്കി,​ കേരളത്തെ ലഹരി,​ വയലൻസ് വിമുക്തമാക്കാനുള്ള ഈ ശ്രമത്തിൽ പങ്കാളികളാകണം.

ഓർക്കുക, ഈ നിർണായക സമയത്ത് നിശബ്ദരായിരിക്കുന്നവർ ചരിത്രത്താൽ വിധിക്കപ്പെടും. മടിക്കേണ്ട. തെരുവുകളിലേക്കിറങ്ങാം. ലഹരിമാഫിയയുടെ അടവേരറുക്കാം. മാനവികതയുടെ സന്ദേശങ്ങൾ പരത്താം. പുഞ്ചിരിക്കുന്ന ഒരു നല്ല കേരളത്തെ രൂപപ്പെടുത്താം.

വിശ്വസ്തതയോടെ,​
രമേശ് ചെന്നിത്തല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA