SignIn
Kerala Kaumudi Online
Saturday, 29 August 2026 2.20 AM IST

മുഖ്യമന്ത്രി പങ്കെടുത്തില്ല,​ ചേന്തിയിലെ ഗുരു ജയന്തി സാംസ്‌കാരിക സമ്മേളനം റദ്ദാക്കി

READ ENGLISH VERSION

vds

തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് റദ്ദാക്കി. ഇന്നലെ വൈകിട്ട് 5.30ന് നിശ്ചയിച്ചിരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ ഉദ്ഘാടകനായി സംഘാടകർ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി എത്തുമെന്ന പ്രതീക്ഷയിൽ വലിയ ഒരുക്കങ്ങളാണ് പ്രദേശത്ത് നടത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ പ്രോഗ്രാംചാർട്ടിൽ പരിപാടി ഇല്ലെന്നറിഞ്ഞതോടെ സ്ത്രീകളടക്കമുള്ള പ്രവർത്തകർ റോഡിലേക്ക് ഇറങ്ങി നിന്നു. ചെമ്പഴന്തിയിലെ ഗുരുജയന്തി സമ്മേളനത്തിൽ പങ്കെടുക്കാൻ അതുവഴി പോകുന്ന മുഖ്യമന്ത്രിയെ കണ്ട് ക്ഷണിക്കുകയായിരുന്നു ലക്ഷ്യം.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോൾ സംഘാടകർ അടുത്തെത്തി പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന് പറഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി വാഹനത്തിനു മുന്നിലേക്കിറങ്ങിനിന്നു.

തുടർന്ന് പ്രതിഷേധിച്ചവരെ പൊലീസ് നീക്കിയശേഷം മുഖ്യമന്ത്രി യാത്ര തുടരുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കാത്തതിൽ പ്രതിഷേധ സൂചകമായി സാംസ്‌കാരിക സമ്മേളനം റദ്ദാക്കിയതായി സംഘാടകർ പിന്നീട് അറിയിച്ചു. അതേസമയം പൊലീസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ മുൻകൂട്ടി ധരിപ്പിച്ചിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സമ്മേളനത്തിൽ വിതരണം ചെയ്യാൻ വച്ചിരുന്ന ഓണക്കിറ്റും മറ്റ് സഹായങ്ങളും ടോക്കൺ നൽകി പിന്നീട് അർഹരായവർക്ക് കൈമാറി. രാവിലെ ഗുരുദേവക്ഷേത്രത്തിൽ പൂജ നടന്നു.

എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത്കുമാർ, മുൻ എം.എൽ.എ മോഹൻകുമാർ, ബിനോയ് മാർബിൾസ് എം.ഡി സുദൻ, കെ.പി.സി.സി അംഗം അഖിൽ, എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, കെ.പി.എം.എസ് പ്രസിഡന്റ് എൽ.രമേശൻ, എടവക്കോട് ജഗന്നാഥൻ, പുളിക്കൽ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സാംസ്‌കാരിക നിലയം രക്ഷാധികാരി ചേന്തി അനിൽ, പ്രസിഡന്റ് ജേക്കബ് കെ. എബ്രഹാം, ട്രഷറർ കെ.സുരേന്ദ്രൻനായർ, വൈസ് പ്രസിഡന്റ് സി.പ്രദീപ്കുമാർ, ജോ.സെക്രട്ടറിമാരായ എസ്.സുനിൽകുമാർ, ടി.അശോക് കുമാർ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.ഉത്തമൻ, കല്ലമ്പള്ളി മോഹനൻ, എസ്.എൻ.ഡി.പി കല്ലമ്പള്ളി ശാഖാ സെക്രട്ടറി കെ.സദാനന്ദൻ, എസ്.സനൽകുമാർ, എൻ.ജയകുമാർ, സന്തോഷ് ചേന്തി, മധു.സി, ഗണേഷ്, വിഷ്ണു, ചേന്തി റസിഡന്റ്സ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് തങ്കമണി അമ്മ, രശ്മി തലനാട്, സൂര്യമാത്യു, ശാലിനി ദിലീപ്, ലാൽജു തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA