വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കൊച്ചി: മൈക്രോ ഫിനാൻസ് കേസിലെ 30 പരാതികളിൽ ഫണ്ട് ദുരുപയോഗം കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസ്. ഇതു സംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർ അംഗീകരിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു.
ഇത്തരം കേസുകൾ ഒരുമിച്ചെടുത്ത് അന്തിമ റിപ്പോർട്ട് ഒന്നായി നൽകാനാണ് തീരുമാനം. മറ്റ് 17 പരാതികളിൽ അന്വേഷണം നടത്തി ബന്ധപ്പെട്ട കോടതികളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.കേസന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ എം.എസ്. അനിൽ നൽകിയ ഉപ ഹർജിയിലാണ് വിശദീകരണം.124 കേസുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന ഹർജിക്കാരന്റെ വാദം ശരിയല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണം പൂർത്തിയായ കേസുകൾക്ക് പുറമേ പുൽപ്പള്ളി, റാന്നി, മാനന്തവാടി യൂണിയനുകളിലെ ക്രമക്കേട് ആരോപണങ്ങളിൽ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ പുൽപ്പള്ളി യൂണിയനിലെ കേസിൽ വിചാരണയ്ക്കുള്ള അനുമതിക്കായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ്. ചില പരാതികളിൽ കൂടുതൽ വ്യക്തത വരുത്താനായി തുടരന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ശശിധരനെ മാറ്റി ഡി.ഐ.ജി ജയന്ത് ജഗനാഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിനിടെയാണ് ,വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |