SignIn
Kerala Kaumudi Online
Sunday, 31 May 2026 12.47 AM IST

കാൽ ക്യാൻസറെടുത്തു; തോറ്റുകൊടുത്തില്ല അനുശ്രീ

image-

കോഴിക്കോട്: നരിക്കുനി സ്വദേശി അനുശ്രീ. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി. തന്റെ വലതുകാലിന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ച അതേ മെഡിക്കൽ കോളേജിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ മെഡിക്കൽ പഠനം ഉറപ്പാക്കിയ മിടുക്കി. വലതുകാൽ മുറിച്ചുമാറ്റിയിട്ടും തോറ്റുകൊടുക്കാൻ മനസില്ലാത്ത പോരാളി. നീറ്റ് പരീക്ഷയിൽ പ്രത്യേക പരിഗണനാ വിഭാഗത്തിൽ നാലാംറാങ്ക് നേടിയാണ് മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്. ഇപ്പോൾ മൂന്നാംവർഷ പരീക്ഷയുടെ തിരക്കിലാണ്.

ഇതേക്കുറിച്ച് ചോദിച്ചാൽ അനുശ്രീ പറയും: 'എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ജീവിതം വിരസമാവില്ലേ. മുന്നിൽ വരുന്ന ഓരോ തടസങ്ങളെയും പാഠമായി കണ്ട് മുന്നോട്ട് പോവുക'.അഞ്ചു വർഷം മുൻപ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ക്യാൻസറിനെത്തുടർന്ന് വലതുകാൽ മുറിച്ചുമാറ്റിയത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുമ്പോൾ എടുത്ത ദൃഢനിശ്ചയമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് ക്ലാസ് മുറിയിലെത്തിച്ചത്.

അവിടെക്കണ്ട മനുഷ്യരും, അവരിലെ നന്മയുമാണ് ഡോക്ടറാവാൻ പ്രേരിപ്പിച്ചത്. പതിമൂന്നാം വയസിൽ ക്യാൻസറിനെക്കുറിച്ച് വലിയ ധാരണയില്ലാത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. അന്ന് രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഇന്റർനെറ്റിൽ തെരഞ്ഞ് പേടിച്ചതും കരഞ്ഞതുമെല്ലാം അനുശ്രീ ഇന്ന് ചിരിയോടെ ഓർക്കുന്നു.

ബോധവത്കരണത്തിലും സജീവം

ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ക്യാൻസർ വാർഡിൽ ചെല്ലുമ്പോൾ അവിടെയുള്ള ഓരോരുത്തരിലും സ്വന്തം മുഖമാണ് അനുശ്രീ കാണുന്നത്. പഠത്തിനിടയിലും സന്നദ്ധ സംഘടനകളുടെയടക്കം ക്യാൻസർ ബോധവത്കരണ പരിപാടികളിൽ സജീവ പ്രവർത്തക കൂടിയാണ് അനുശ്രീ. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പ്രേമരാജന്റെയും, ഷീനയുടെയും മകളാണ്. സഹോദരൻ: അതുൽ.

''രോഗാവസ്ഥയും നേരിട്ട പ്രയാസങ്ങളും അനുഭവ പാഠങ്ങളാണ്. അതാണ് എന്നെ ഡോക്ടർ പഠനത്തിന് പ്രേരിപ്പിച്ചത്.

-അനുശ്രീ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA