SignIn
Kerala Kaumudi Online
Saturday, 27 June 2026 5.37 PM IST

സ്വകാര്യ സർവകലാശാല: തൊഴിൽ ഉറപ്പാക്കും

uni

തിരുവനന്തപുരം:കേരളത്തിൽ വരുന്ന സ്വകാര്യ സർവകലാശാലകളിൽ ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ഉറപ്പാക്കുന്ന ആധുനിക കോഴ്സുകളായിരിക്കും പഠിപ്പിക്കുക. വ്യവസായശാലകൾക്ക് ആവശ്യമുള്ള വൈദഗ്ദ്ധ്യം ഉറപ്പാക്കുന്നതാവും സിലബസ്. കോഴ്സുകളെല്ലാം വ്യവസായബന്ധിതമായിരിക്കും.

പഠനകാലത്ത് തൊഴിൽ-നൈപുണ്യ പരിശീലനവുമുണ്ടാവും. ഇതിനായി ഐ.ഐ.ടി, വിദേശ സർവകലാശാലകൾ എന്നിവയുമായി കരാറുണ്ടാക്കാം. ക്യാമ്പസ് പ്ലേസ്‌മെന്റായിരിക്കും മുഖ്യ ആകർഷണം. പരമ്പരാഗതരീതികൾ മാറ്റുന്ന സ്വകാര്യ സർവകലാശാലകൾ വരുന്നതോടെ വിദേശ പഠനത്തിനുള്ള ഒഴുക്ക് കുറയുമെന്നാണ് വിലയിരുത്തൽ.

20 സർവകലാശാലകളെങ്കിലും കേരളത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാരിന് പണച്ചെലവില്ലാതെ സംസ്ഥാനത്ത് മികച്ച പഠ‌ന സൗകര്യമൊരുങ്ങുമെന്നതാണ് ഗുണം. മെഡിക്കൽ, എൻജിനിയറിംഗ്,നിയമം,മാനേജ്മെന്റ്,പാരാമെഡിക്കൽ എന്നിവയെല്ലാം പഠിപ്പിക്കുന്ന മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റികളാണ് വരുന്നത്. കാസർകോട്ടും ഇടുക്കിയിലുമടക്കം സ്വകാര്യ സർവകലാശാലയ്ക്കായി വൻഗ്രൂപ്പുകൾ ഭൂമി വാങ്ങിക്കൂട്ടുന്നുണ്ട്. ഒന്നിലേറെ ക്യാമ്പസുണ്ടെങ്കിൽ ആസ്ഥാനത്ത് പത്തേക്കർ ഭൂമിയുണ്ടാവണമെന്നാണ് വ്യവസ്ഥ. യൂണിവേഴ്സിറ്രികളോട് ചേർന്ന് ഷോപ്പിംഗ്-വിനോദ-ഭവന സമുച്ചയങ്ങളോടെ ടൗൺഷിപ്പുകളും വരും. അന്യ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ഗ്രൂപ്പുകളുംട്രസ്റ്റുകളും സൊസൈറ്റികളും ക്രിസ്ത്യൻ സഭകളും താത്പര്യമറിയിച്ചിട്ടുണ്ട്. നിലവിലെ സ്വയംഭരണ, എയ്ഡഡ് കോളേജുകളും സർവകലാശാലയാകാൻ രംഗത്തുണ്ട്. കൽപ്പിത സർവകലാശാലയാവാൻ 5കോളേജുകൾ നേരത്തേ അപേക്ഷിച്ചിരുന്നു.

സ്വകാര്യ സർവകലാശാലകൾക്ക് യു.ജി.സി അനുമതിയോടെ അത്യാധുനിക കോഴ്സുകൾ തുടങ്ങാം. സിലബസ്, പരീക്ഷാ നടത്തിപ്പ്,ഫലപ്രഖ്യാപനം,ബിരുദം നൽകൽ എന്നിവയ്ക്ക് യൂണിവേഴ്സിറ്രിക്ക് അധികാരമുണ്ട്. ഓൺലൈൻ, വിദൂരപഠനവുമാവാം. തൊഴിൽ മേഖലയ്ക്ക് വേണ്ടിയുള്ള കോഴ്സുകളാണുള്ളത്. അഫിലിയേറ്റഡ് കോളേജുകൾ പാടില്ലെങ്കിലും രാജ്യത്തെവിടെയും വിദേശത്തും ഓഫ്‌ക്യാമ്പസ് സെന്റുകളും പഠനകേന്ദ്രങ്ങളും തുറക്കാം. വിദേശവിദ്യാർത്ഥികളെയും ആകർഷിക്കാം. അതേസമയം, സ്വകാര്യ യൂണിവേഴ്സിറ്റികൾ വരുന്നതോടെ പൊതുസർവകലാശാലകൾ പ്രതിസന്ധിയിലാവുമെന്ന് യൂണിവേഴ്സിറ്റി ജീവനക്കാരുടെ ഫെഡറേഷൻ(എഫ്.യു.ഇ.ഒ) പറയുന്നു.

ഗവേഷണത്തിനും

ഗുണം

നൂതനശാസ്ത്രമേഖലകളിൽ ഗവേഷണത്തിന് അവസരമൊരുങ്ങും. സർക്കാർ,പൊതുമേഖലാ, ശാസ്ത്ര സ്ഥാപനങ്ങളുമായി ഗവേഷണത്തിന് കരാറുണ്ടാക്കാം.

ഫോട്ടോണിക്സ്, സൈബർസിറ്റംസ്, ആർട്ടിഫിഷ്യൽഇന്റലിജൻസ്,നാനോടെക്നോളജി, ബയോടെക്നോളജി, നാനോമെറ്റീരിയൽസ് ഗവേഷണ സൗകര്യമൊരുങ്ങും.

എപ്പിഡമിയോളജി, വൈറോളജി, ഇമ്യൂണോളജി,ബയോളജിക്കൽ ഡേറ്റാമാനേജ്മെന്റ്,മെഡിക്കൽ ഡോക്യുമെേന്റഷൻ എന്നിവയിൽ ഗവേഷണവും കോഴ്സുകളും.

തട്ടിപ്പിന് ശിക്ഷ

പ്രവേശന വിലക്ക്

പ്രവേശനത്തിലും ഫലപ്രഖ്യാപനത്തിലുമടക്കം ക്രമക്കേട് കാട്ടിയാൽ 5വർഷത്തേക്ക് പ്രവേശനം യു.ജി.സിതടയും. നിലവാരമില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾക്ക് പിഎച്ച്ഡി നൽകിയാലും ശിക്ഷയിതാണ്. കോഴ്സുകളുടെ അംഗീകാരവും പോകും.

''. കാലാനുസൃതമായി പിടിച്ചുനിൽക്കണമെങ്കിൽ സ്വകാര്യസർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. കാലത്തിന് അനുസരിച്ച്. മുന്നോട്ടുപോയ പറ്റൂ.''

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA